ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ആർബി ലെപ്സിഗ്. വമ്പൻ തിരിച്ചു വരവുമായി ബെൻഫികയോട് നേടിയ സമനിലയിൽ ലെപ്സിഗ് ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ കടന്നു. ജൂലിയൻ നൈഗൽസ്മാന്റെ ലെപ്സിഗ് രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷമാണ് മികച്ച തിരിച്ചുവരവുമായി സമനില പിടിച്ചത്. എമിൽ ഫോഴ്സ്ബർഗിന്റെ അവസാന മിനുട്ടുകളിലെ ഇരട്ട ഗോളുകളാണ് ജയമുറപ്പിച്ച ബെൻഫിക്കയുടെ വിധി മാറ്റിയെഴുതിയത്. കിഴക്കൻ ജർമ്മനിയിൽ നിന്നും ആദ്യമായാണ് ഒരു ടീം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലേക്ക് എത്തുന്നത്.
പിസിയുടെ ഗോളിൽ ആദ്യ പകുതിയിൽ ബെൻഫിക്ക ലീഡ് നേടിയിരുന്നു. 59 ആം മിനുട്ടിലെ വിനീഷ്യസിന്റെ ഗോൾ ബെൻഫിക്കയെ ജയത്തിലേക്കുയർത്തുമെന്ന് തോന്നിപ്പിച്ചു. ഒരു പെനാൽറ്റിയിലൂടെ 90ആം മിനുട്ടിൽ ലെപ്സിഗ് തിരിച്ചുവന്നു. 9 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചത് ലെപ്സിഗിന് തുണയായി. രണ്ടാം ഗോളുമായി ലെപ്സിഗിനെ ഫോഴ്സ്ബർഗ് പ്രീ ക്വാർട്ടറിൽ എത്തിക്കുകയും ചെയ്തു. രണ്ടാം യൂറോപ്യൻ ക്യാമ്പയിനിൽ തന്നെ പ്രൂ ക്വാർട്ടറിൽ കടക്കാൻ ലെപ്സിഗിനായി.