ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവുമധികം ഗോൾ നേടിയത് ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയാണ്. സൂപ്പർ താരങ്ങളായ നെയ്മറിനെയും മെസ്സിയെയും എംബാപ്പയെയും ബഹുദൂരം പിന്നിലാക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇരുപത് മത്സരങ്ങളിൽ നിന്നുമായി 19 ഗോളുകളാണ് താരം സ്വന്തമാക്കിയത് . ബുണ്ടസ് ലീഗയിൽ ബയേൺ മോശം ഫോമിലാണെങ്കിലും ലെവൻഡോസ്‌കി ഗോളടി തുടർന്ന് കൊണ്ടേയിരിക്കുകയാണ്.
പതിനേഴ് മത്സരങ്ങളിൽ നിന്നും പതിനേഴ് ഗോളുമായി ബാഴ്‌സയുടെ താരം ലയണൽ മെസിയാണ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്. പതിനേഴ് മത്സരങ്ങളിൽ നിന്നും പതിനേഴ് ഗോളുമായി ഇറ്റാലിയൻ ടീമായ ജെനോവയുടെ പോളിഷ് താരം ക്രിസ്റ്റോഫ് പിയറ്റിക് മൂന്നാമതുണ്ട്. പിഎസ്ജിയുടെ സൂപ്പർ സ്റ്റാർ നെയ്‌മർ 19 മത്സരത്തിൽ പതിനാറു ഗോളുമായി നാലാം സ്ഥാനത്തുണ്ട്. ജർമ്മൻ ടീമായ ഫ്രാങ്ക്ഫർട്ടിന്റെ താരം ലൂക്ക യോവിച്ചാണ് തൊട്ടു പിന്നിൽ. 19 മത്സരങ്ങളിൽ 15 ഗോളുകളാണ് യുവതാരം നേടിയത്.
എംബപ്പേയും പതിനഞ്ച് ഗോളുമായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പിന്നിൽ സെവിയ്യയുടെ താരം പാബ്ലോ സാറാബിയയാണ് പതിനാലു ഗോളുകളാണ് താരം സ്വന്തമാക്കിയത്. പതിമൂന്നു ഗോളുകളുമായി ഇംഗ്ലീഷ് താരം ഹരി കെയിനും ഫ്രഞ്ച് ക്ലബായ എഫ്‌സി നാന്റെസിന്റെ അർജന്റീനിയൻ താരം എമിലിയാണോ സലായുമുണ്ട്. പത്താം സ്ഥാനത്ത് ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റീയൂസാണ്. 21 മത്സരങ്ങളിൽ 12 ഗോളുകളാണ് താരം നേടിയത്.