കോവിഡ് പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ കിരീടം ലക്ഷ്യം വക്കുന്ന നൈഗിൽസ്മാന്റെ ആർ.ബി ലെപ്സിഗിന് സമനില. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ഉള്ള ഫ്രയ്ബർഗ് ആണ് കാണികൾക്ക് പ്രവേശനം ഇല്ലാത്ത റെഡ് ബുൾ അറീനയിൽ ലെപ്സിഗിനെ 1-1 നു സമനിലയിൽ തളച്ചത്. പതിഞ്ഞ താളത്തിൽ ആയിരുന്നു മത്സരം തുടങ്ങിയത്. ഏതാണ്ട് മത്സരത്തിന്റെ സകല മേഖലകളിലും ആധിപത്യം നേടിയെങ്കിലും ലെപ്സിഗിനെ ഞെട്ടിച്ച് ഫ്രയ്ബർഗ് ആണ് ആദ്യ ഗോൾ നേടിയത്. 34 മിനിറ്റിൽ മാനുവൽ ഗിൽഡിന്റെ ഇടത് കാലൻ അടി അവർക്ക് ലീഡ് നൽകി.
രണ്ടാം പകുതിയിൽ ലെപ്സിഗ് സമനിലക്ക് ആയി ഉണർന്നു കളിച്ചു. എന്നാൽ ഫ്രയ്ബർഗ് പ്രതിരോധം മികച്ച രീതിയിൽ പ്രതിരോധിച്ചു. 77 മിനിറ്റിൽ കെവിൻ കാമ്പലിന്റെ ക്രോസിൽ മികച്ച ഒരു ഹെഡറിലൂടെ ക്യാപ്റ്റൻ ആയി അരങ്ങേറിയ ആദ്യ മത്സരത്തിൽ ഗോൾ നേടിയ യൂസഫ് പൗൾസൻ ലെപ്സിഗിന് സമനില സമ്മാനിച്ചു. പൗൾസന്റെ സീസണിലെ നാലാം ഗോൾ ആയിരുന്നു ഇത്. മത്സരത്തിന്റെ അവസാന നിമിഷം ഫ്രയ്ബർഗ് ഗോൾ നേടി എങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഓഫ് സൈഡ് തീരുമാനം ലെപ്സിഗിന്റെ രക്ഷക്ക് എത്തി. നിലവിൽ 50 പോയിന്റ് ഉള്ള ലെപ്സിഗ് ലീഗിൽ നാലാമതും 39 പോയിന്റുകൾ ഉള്ള ഫ്രയ്ബർഗ് ഏഴാമതും ആണ്.