അരങ്ങേറ്റത്തിൽ ഗോളടിച്ച് ടെറോട്, റൈൻ ഡെർബിയിൽ കൊളോണിന് ജയം

- Advertisement -

റൈൻ ഡെർബിയിൽ കൊളോണിന് വിജയം. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊളോൺ വിജയം സ്വന്തമാക്കിയത്. തന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച സൈമൺ ടെറോടാണ് കൊളോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഫെഡെറിക്ക് സോറെൻസെന്നും ടെറോടും കൊളോണിന് വേണ്ടി ഗോളടിച്ചപ്പോൾ പകരക്കാരനായിട്ടിറങ്ങിയ റഫേലാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്.

പതിനാറു മത്സരങ്ങളിൽ ഒരു വിജയവുമില്ലാതെ റെലെഗേഷൻ ഭീഷണി നേരിട്ടിരുന്ന കൊളോണിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. അവസാന നിമിഷത്തിൽ ടെറോടാണ് കൊളോണിന് ജീവൻ പകർന്നത്. ആദ്യ പകുതിയിൽ കൊളോൺ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതി ആക്രമിച്ച് ഗ്ലാഡ്ബാക്ക് കളിച്ചു. ലാർസ് സ്റ്റിൻഡിലും തോർഗൻ ഹസാർഡും ഗോൾ നേടാനാകാതെ വിഷമിച്ചത് ഗ്ലാഡ്ബാക്കിനു തിരിച്ചടിയായി. ഒട്ടേറെ അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചിരുന്നു. ഏഴു പോയന്റ് അകലെയാണ് ബില്ലി ഗോട്ട്സിന് റെലെഗേഷൻ സ്പോട്ട്. ഇത്തവണയും രണ്ടാം ഡിവിഷനിൽ പോകാതെ പിടിച്ച് നില്ക്കാൻ കൊളോണിനാകുമോ എന്ന് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement