ജർമ്മൻ ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചു ബയേൺ മ്യൂണിക്. സ്ഥാനക്കയറ്റം നേടിവന്ന ഹോൾസ്റ്റെയിൻ കീലിനെ 6-1 തകർത്ത ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ. മത്സരത്തിൽ ഹാട്രിക് നേടിയ ഹാരി കെയിൻ വെറും 35 മത്സരങ്ങളിൽ നിന്നു 50 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടത്തിലും എത്തി. ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ ഏർലിങ് ഹാളണ്ടിന്റെ(43 മത്സരങ്ങൾ) റെക്കോർഡ് ഇതോടെ കെയിൻ തകർത്തു.
മത്സരത്തിൽ ആദ്യ മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോളിന് വഴി ഒരുക്കിയ കെയിൻ ഏഴാം മിനിറ്റിലും 43 മത്തെ മിനിറ്റിലും തന്റെ ആദ്യ രണ്ടു ഗോളുകൾ നേടി. ഇടക്ക് നിക്കോളായി റെംബെർഗിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ ബയേൺ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ ക്ലബിന് ആയി തന്റെ ആദ്യ ലീഗ് ഗോൾ നേടിയ മൈക്കിൾ ഒലീസെ മുൻതൂക്കം 5 ആക്കി മാറ്റി. 82 മത്തെ മിനിറ്റിൽ എതിരാളികൾ ഒരു ആശ്വാസ ഗോൾ നേടിയെങ്കിലും 91 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക്കും ടീമിന്റെ വമ്പൻ ജയവും ഹാരി കെയിൻ പൂർത്തിയാക്കുക ആയിരുന്നു.