ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേണിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തകർത്തത്. ഡോർട്ട്മുണ്ട് വലിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ 19 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നു ജൂഡ് ബെല്ലിങ്ഹാം ഗോൾ കണ്ടത്തി. 24 മത്തെ മിനിറ്റിൽ ഡോർട്ട്മുണ്ട് തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. കരിം അദയെമിയുടെ ഹെഡർ പാസിൽ നിന്നു ഡോണിൽ മാലൻ ആണ് രണ്ടാം ഗോൾ നേടിയത്.
41 മത്തെ മിനിറ്റിൽ റാഫേൽ ഗുരേയിരോയുടെ ക്രോസിൽ നിന്നു മാറ്റ് ഹമ്മൽസ് ഹെഡറിലൂടെ മൂന്നാം ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ കരിം അദയെമിയുടെ പാസിൽ തന്നെ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ മാലൻ ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ജയത്തോടെ ലീഗിൽ 5 മത്സരങ്ങൾ അവശേഷിക്കുമ്പോൾ ബയേണിനെക്കാൾ ഒരു പോയിന്റ് മുന്നിൽ ആണ് ഡോർട്ട്മുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാൻ ആയാൽ ഡോർട്ട്മുണ്ടിന് ചരിത്ര കിരീടം നേടാൻ ആവും. അതേസമയം ഫ്രാങ്ക്ഫർട്ട് ലീഗിൽ ഒമ്പതാം സ്ഥാനത്ത് ആണ്.