അടുത്ത സീസണോടെ ആർബി ലെപ്സീഗിൽ കരാർ അവസാനിക്കുന്ന സ്പാനിഷ് താരം ഡാനി ഓൾമോ ടീം വിടില്ലെന്ന് ഉറപ്പായി. താരം ടീമിനോടൊപ്പം പുതിയ കരാർ ഒപ്പിട്ടതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ 2027 വരെ താരത്തെ ടീമിൽ നിലനിർത്താൻ ലെപ്സിഗിനാകും. കരാറിനൊപ്പം അറുപത് മില്യൺ യൂറോ വരുന്ന റിലീസ് ക്ലോസും ടീം ചേർത്തിട്ടുണ്ട്. നേരത്തെ താരം ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഓൾമോയെ വീണ്ടും ടീമിൽ തന്നെ നിലനിർത്താൻ സാധിച്ചത് ലെപ്സിഗിന് നേട്ടമായി.
അടുത്ത വർഷത്തോടെ കരാർ അവസാനിക്കും എന്നതിനാൽ താരവുമായി പുതിയ കരാറിൽ എത്തേണ്ടത് ടീമിന് അനിവാര്യമായിരുന്നു. പ്രീമിയർ ലീഗ് ടീമുകൾ അടക്കം പിറകെ ഉള്ളപ്പോൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം പുതിയ തട്ടകം തേടിയേക്കുമെന്ന് “ബിൽഡ്” അടക്കം റിപ്പോർട്ട് ചെയ്തു. നേരത്തെ ബാഴ്സയുമായും ചേർന്ന് ഓൾമോയുടെ ട്രാൻസ്ഫർ വാർത്തകൾ വന്നിരുന്നെങ്കിലും ആ നീക്കവും നടന്നില്ല. ക്രിസ്റ്റഫർ എൻങ്കുങ്കു അടക്കം ടീം വിടവേ, തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമായി ദീർഘകാല കരാറിൽ എത്താൻ സാധിച്ചത് ലെപ്സിഗിന് വലിയ ആശ്വാസം നൽകും. കൂടാതെ ഇരുപത്തിയഞ്ചുകാരന്റെ കൈമാറ്റം ആവശ്യമായി വന്നാൽ തന്നെ മികച്ച തുക നേടിയെടുക്കാം എന്നതും ടീം മുൻകൂട്ടി കാണുന്നു.