ബുണ്ടസ് ലീഗ് ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് സൂപ്പർ താരങ്ങളെ വിൽക്കുന്ന ക്ലബെന്ന പേരുദോഷം മാറ്റാൻ ഒരുങ്ങുന്നു. ക്ലബ്ബിലെ സൂപ്പർസ്റ്റാറുകളെ എതിരാളികളായ ബയേണിന് കൈമാറുന്നെന്ന പേരുദോഷം പണ്ടേ ഡോർട്ട്മുണ്ടിന് ഉണ്ട്. ഡോർട്ട്മുണ്ടിനെ ഫൈനൽ വരെ എത്തിച്ച ടീം അംഗങ്ങളായ ലെവൻഡോസ്‌കിയും മാറ്റ്സ് ഹമ്മെൽസും പിന്നീട് ബവേറിയയിൽ എത്തിയിരുന്നു. ഇവർക്ക് പുറമെ ജർമ്മനിക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ സഹായിച്ച മരിയോ ഗോട്സെയെയും ബയേൺ സ്വന്തമാക്കിയിരുന്നു.
വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു ബുണ്ടസ് ലീഗയിൽ നിന്നും ഡോർട്ട്മുണ്ട് ആരാധകരിൽ നിന്നും ഉയർന്നത്. എന്നാൽ ഇപ്പോൾ ഡയറക്റ്റ് റൈവലുകൾക്ക് താരങ്ങളെ വിൽക്കേണ്ടെന്ന തീരുമാനമാണ് ഡോർട്ട്മുണ്ട് എടുത്തിരിക്കുന്നത്. സി.ഇ.ഒ വാറ്റ്സും സ്പോർട്ടിങ് ഡയറക്റ്റർ സൊർക്കും ഇത്തരമൊരു തീരുമാനം എടുത്തെന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.