നാണക്കേട് ആയി ബയേൺ ആരാധകർ, കളിക്കാൻ വിസമ്മതിച്ചു താരങ്ങൾ, എന്താണ് ജർമ്മനിയിൽ നടക്കുന്നത്?

- Advertisement -

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന ബയേൺ മ്യൂണിച്ച് ഹോഫെൻഹേം മത്സരം സാക്ഷിയായത് ഫുട്‌ബോൾ ഇത് വരെ കാണാത്ത അപൂർവ രംഗങ്ങൾക്ക്. 6-0 ത്തിനു മ്യൂണിച്ച് ജയിച്ച മത്സരം ആണ് അവരുടെ ആരാധകരുടെ വെറുപ്പ് പകരുന്ന പ്രതികരണങ്ങൾ കൊണ്ട് നാണക്കേടിൽ അവസാനിച്ചത്. ഹോഫെൻഹേം ഉടമസ്ഥൻ ആയ ഡിയറ്റ്മർ ഹോപ്പിന് എതിരായ ബയേൺ ആരാധകരുടെ മോശം പരാമാർശങ്ങൾ ആണ് ഫുട്‌ബോളിനു വലിയ കളങ്കം സൃഷ്ടിച്ചത്. 67 മിനിറ്റിൽ ഗൊരേസ്ക്കയിലൂടെ ബയേൺ തങ്ങളുടെ ആറാം ഗോൾ നേടിയപ്പോൾ ബയേൺ അവേ ആരാധകർ ഉയർത്തിയ ബാനർ ആണ് വിവാദങ്ങൾക്ക് തുടക്കം ഇട്ടത്. അതിനു മുമ്പ് ഹോപ്പിന് എതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്ന അവർ ‘ഹോപ്പ് ഒരു വേശ്യയുടെ മകൻ’ എന്നാണ് ബാനറിൽ കുറിച്ചത്. അപ്പോൾ കളി നിർത്തി ആരാധകരെ ശാന്തരാക്കാൻ ബയേണിന്റെ കളിക്കാരും പരിശീലകനും ശ്രമിച്ചു. പിന്നെയും കളി തുടങ്ങി എങ്കിലും തുടർന്ന് 10 മിനിറ്റിനു അകം സമാനമായ വേറൊരു ബാനർ അവർ ഒന്ന് കൂടി ഉയർത്തിയതോടെ മത്സരം റഫറിക്ക് നിർത്തി വക്കേണ്ടി വന്നു.

തുടർന്ന് ബയേൺ കളിക്കാരും അവരുടെ പരിശീലകൻ അടക്കമുള്ള പരിശീലക അംഗങ്ങളും,ബയേൺ സി.ഇ. ഒ, ബോർഡ് മെമ്പർ ആയ ഒലിവർ ഖാൻ എന്നിവർ ആരാധകരെ ശാന്തമാക്കാൻ ആയി മുന്നോട്ടു വന്നു. വളരെ ദേഷ്യത്തോടെ ആണ് പല ബയേൺ താരങ്ങളും പരിശീലകനും ആരാധകരോട് കയർത്തത്. എന്നാൽ ഇതിൽ അവർ ശാന്തമാകാതെ വന്നപ്പോൾ വംശീയ അധിക്ഷേപങ്ങൾ നേരിടുമ്പോൾ സ്വീകരിക്കുന്ന നടപടി ആയ യുഫേഫയുടെ 3 സ്റ്റെപ്പുകളിലെ രണ്ടാം ലെവൽ ഉപയോഗിച്ച് ഇരു ടീമിലെയും കളിക്കാർ കളം വിട്ടു. പിന്നീട് കുറച്ച് സമയത്തിന് ശേഷം കളത്തിലേക്ക് തിരിച്ചു വന്ന അവർ തുടർന്ന് മത്സരം കളിച്ച് പൂർത്തിയാക്കാൻ ശ്രമിച്ചില്ല. വെറുതെ പരസ്പരം ട്രെയിനിങ് ഗ്രൗണ്ടിൽ എന്ന പോലെ തട്ടി കളിക്കുക ആയിരുന്നു ഇരു ടീമുകളും ചെയ്തത്. സ്വന്തം ആരാധകർക്ക് ശക്തമായ മുന്നറിയിപ്പ് നൽകാൻ ക്യാപ്റ്റൻ ന്യൂയറിന്റെ നിർദേശപ്രകാരം ആണ് ബയേൺ താരങ്ങൾ ഇങ്ങനെ ചെയ്തത്. എന്നാൽ ഇതേരീതി താരങ്ങൾ വംശീയമായി അധിക്ഷേപങ്ങൾ നേരിടുമ്പോൾ ടീമുകൾ സ്വീകരിക്കുന്നോ എന്ന ചോദ്യവും പല കോണിൽ നിന്ന് ഉയർന്നു. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന 79 കാരൻ ആയ ഹോപ്പിന്റെ കണ്ണിൽ നിന്ന് ഏതാണ്ട് കണ്ണീർ വരും എന്ന നില വരയെത്തി ബയേണിന്റെ ആരാധകരുടെ പ്രതികരണം. ഹോപ്പിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ച ബയേൺ അധികൃതർ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു കൊണ്ടാണ് മത്സരശേഷം കളത്തിലേക്ക് വന്നത്.

സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഹോപ്പിനോട് ക്ഷമ ചോദിച്ച ബയേൺ സി.ഇ.ഒ ആരാധകരുടെ പെരുമാറ്റം തന്നെ നാണക്കേടിൽ ആക്കുന്നത് ആയും പ്രതികരിച്ചു. ഫുട്‌ബോളിലെ ഇരുണ്ട ദിനമാണ് ഇന്ന് എന്നു പറഞ്ഞ അദ്ദേഹം ഇത് പോലുള്ള ആരാധകർക്ക് എതിരെ കടുത്ത നടപടി എടുക്കും എന്നും വ്യക്തമാക്കി. കൂടാതെ ഇത് പോലുള്ള ആളുകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുണ്ടസ് ലീഗ അധികൃതരും ഇത്തരം സംഗതികൾ വച്ച് പൊറുപ്പിക്കില്ല എന്ന് വ്യക്തമാക്കി. മുമ്പ് തന്നെ ഹോപ്പിന് എതിരായ ബയേൺ, ഡോർട്ട്മുണ്ട് ആരാധകരുടെ പെരുമാറ്റങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചത് ആണ്. കുറെ കാലങ്ങൾ ആയി ഹോപ്പിനും ഹോഫെൻഹേമിനും എതിരായി നടക്കുന്ന ആരാധകരുടെ ആക്രമണത്തിന്റെ ഭാഗം ആണ് ഇന്നലെ കണ്ടത്. മുമ്പും ഹോപ്പിനെതിരെ മോശം പരാമർശങ്ങൾക്ക് ബയേൺ, ഡോർട്ട്മുണ്ട് ആരാധകർക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു.

ബൊറൂസിയ മക്ലബാക് ആരാധരും ഇതേ രീതിയിൽ കഴിഞ്ഞ ആഴ്ച ഹോപ്പിന് എതിരെ പ്രതികരിച്ചത് വിവാദം ആയിരുന്നു. മറ്റ് യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിൽ നിന്ന് വ്യത്യസ്തമായി 51 ശതമാനം ഓഹരികൾ ആരാധരിൽ നിഷിപ്തമായ രീതി ക്ലബുകൾ തുടരുന്ന രീതിയിൽ ആണ് ജർമ്മൻ ഫുട്‌ബോൾ പ്രവർത്തിക്കുന്നത്. വോട്ടിംഗ് അധികാരവും ആരാധകർക്ക് ഉള്ളതിനാൽ തന്നെ പുറത്ത് നിന്നുള്ള വമ്പൻ പണത്തിന്റെ വരവ് അവർ എന്നും സംശയത്തോടെ ആണ് കാണുക. അതിനാൽ തന്നെ മറ്റ് പല ഇടത്തും കാണുന്ന പോലുള്ള ഉടമസ്ഥരിൽ നിന്നുള്ള പണമൊഴുക്കോ, ആരെങ്കിലും വന്ന് ക്ലബുകൾ മേടിക്കുന്നതോ ജർമ്മനിയിൽ കാണാൻ ആവില്ല. എന്നാൽ ജർമ്മൻ സോഫ്റ്റ്വെയർ കമ്പനി ഉടമയായ അതിസമ്പന്നനായ ഹോപ്പ് തന്റെ നാട്ടിലെ ക്ലബ് ആയ ഹോഫെൻഹേമിനെ ഏതാണ്ട് ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ ആണ് പരമ്പരാഗത ജർമ്മൻ ക്ലബ് ആരാധകരെ ഇങ്ങനെ ചൊടിപ്പിക്കാൻ കാരണം. കൂടാതെ മുമ്പ് ഹോഫെൻഹേമിന്റെ ബയേണിനു എതിരായ ജയത്തിനു ശേഷമുള്ള ഹോപ്പിന്റെ ബയേൺ മാത്രമല്ല ജർമ്മനിയിലെ ഏക ക്ലബ് എന്ന പരാമർശവും ബയേണിന്റെ ആരാധരെ ദേഷ്യം പിടിപ്പിച്ചിരുന്നു

2015 മുതൽ ഏതാണ്ട് 350 മില്യൻ യൂറോ ക്ലബിൽ നിക്ഷേപിച്ച ഹോപ്പ് ഹോഫെൻഹേമിനെ ചെറിയ ലീഗുകളിൽ നിന്ന് ബുണ്ടസ് ലീഗെയിലേക്കും ചാമ്പ്യൻസ് ലീഗിലേക്കും എത്തിച്ചത് വലിയ കോളിളക്കം ആണ് ജർമ്മൻ ഫുട്‌ബോളിൽ സൃഷ്ടിച്ചത്. ഹോപ്പിന് ആയി നിയമങ്ങളിൽ വെള്ളം ചേർത്തത് ആയി ആരോപിക്കുന്ന വലിയ വിഭാഗം ജർമ്മൻ ആരാധകർ അതിനാൽ തന്നെ ഹോപ്പിനെ അവരുടെ ഒന്നാമത്തെ ശത്രു ആയി പ്രഖ്യാപിച്ചു. 20 കൊല്ലം ആയി ക്ലബിനെ പിന്തുടരുന്നവർക്ക് ക്ലബിൽ നിക്ഷേപങ്ങൾ നടത്താൻ ആവും എന്ന നിയമം ഉപയോഗിച്ച് ആണ് ഹോപ്പ് ഹോഫെൻഹേമിൽ വലിയ നിക്ഷേപം നടത്തുന്നത്. എന്നാൽ ഈ രീതി ജർമ്മൻ ഫുട്‌ബോളിനെ തകർക്കും എന്ന ആരോപണവും ആയി ജർമ്മൻ ആരാധകർ അന്ന് തന്നെ രംഗത്ത് വന്നു. 51 ശതമാനം ഓഹരികൾ ആരാധകരിൽ നിഷിപ്തമായിരിക്കുന്നതിൽ ആണ് ജർമ്മൻ ഫുട്‌ബോൾ ഇത്രയും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത് എന്ന വാദം മുമ്പും പല പ്രമുഖരും ഉയർത്തിയ ഒന്നാണ്.

ചെറിയ പ്രദേശത്തെ ചെറിയ ക്ലബിലെ ഇത്തരം പണമൊഴുക്കുകൾ തങ്ങളുടെ സംസ്‌കാരത്തിനും ഭീഷണി ആയി ആണ് ആരാധകർ കാണുന്നത്. ഈ രീതി ക്ലബിൽ ആരാധകർക്ക് ഉള്ള അധികാരം എടുത്ത് കളയാൻ ഇട വരുത്തും എന്നു ഭയക്കുന്ന അവർ ഫുട്‌ബോൾ കൂടുതൽ കച്ചവടവൽക്കരിക്കുന്നതും ഭയപ്പെടുന്നു. അതിനാൽ തന്നെ അതിനു ശേഷം സമാനമായ രീതിയിൽ ബുണ്ടസ് ലീഗയിൽ റെഡ് ബുള്ളിന്റെ പണമികവിൽ എത്തിയ ആർ.ബി ലെപ്സിഗും ഏതാണ്ട് സമാനമായ എതിർപ്പ് ആണ് ജർമ്മനിയിൽ പരമ്പരാഗത ഫുട്‌ബോൾ ആരാധകരിൽ നിന്ന് ഏറ്റു വാങ്ങേണ്ടി വന്നത്. ജർമ്മൻ ഫുട്‌ബോളിലെ തങ്ങളുടെ സമഗ്ര ആധിപത്യം തകരും എന്ന ഭയം ആണ് ഈ ആരാധകരെ കൊണ്ട് ഇത്തരം വെറുപ്പ് പടർത്തുന്ന പ്രതികരണങ്ങൾ നടത്തുന്നത് എന്ന വിലയിരുത്തലുകളും പലരും നടത്തുന്നുണ്ട്. എന്നാൽ ഏത് ലക്ഷ്യത്തിന് വേണ്ടി ആയാലും ബയേണിന്റെ ആരാധകരുടെ പ്രതികരണം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു എന്നതിൽ സംശയമില്ല.

Advertisement