ജർമ്മൻ ബുണ്ടസ് ലീഗക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി 12 മണിക്ക് നടക്കുന്ന ബയേൺ മ്യൂണിക് ഫ്രാങ്ക്ഫർട്ട് മത്സരത്തോടെയാണ് ജർമ്മനിയിൽ 2022-23 സീസണിന് തുടക്കം ആവുക. ടീമിന്റെ കുന്തമുനയായ ലെവൻഡോസ്കി ബാഴ്സലോണയിലേക്ക് ചേക്കേറിയെങ്കിലും പകരം സാദിയോ മാനെയെ ലിവർപൂളിൽ നിന്ന് എത്തിച്ചു ആണ് ഇത്തവണ ബയേൺ തങ്ങളുടെ കുത്തകയായ ലീഗ് കിരീടം നിലനിർത്താൻ ഇറങ്ങുന്നത്. നിരവധി താരങ്ങളെ ടീമിൽ എത്തിച്ചു ശക്തരായ ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ബയേണിന് അൽപ്പം എങ്കിലും വെല്ലുവിളി ഉയർത്താൻ പറ്റുന്ന ടീം എന്നാൽ അയാക്സിൽ നിന്നു ടീമിൽ എത്തിയ സെബാസ്റ്റ്യൻ ഹാളറിനെ കാൻസർ മൂലം നഷ്ടമായത് അവർക്ക് വലിയ തിരിച്ചടിയാണ്.
ആദ്യ മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനു എതിരെ തന്നെ മാനെ ഇന്ന് ബയേണിനു ആയി അരങ്ങേറ്റം കുറിച്ചേക്കും. നാളെ നടക്കുന്ന മത്സരത്തിൽ ഡോർട്ട്മുണ്ടിന് യുവതാരങ്ങളുടെ മികവും ആയി വരുന്ന കരുത്തരായ ബയേർ ലെവർകുസൻ ആണ് എതിരാളികൾ. ഞായറാഴ്ച ആണ് ആർ.ബി ലൈപ്സിഗ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുക. സ്റ്റുഗാർട്ട് ആണ് ലൈപ്സിഗിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ. ബൊറൂസിയ മഗ്ലബാക്, ഹോഫൻഹെയിം പോരാട്ടവും വെർഡർ ബ്രമൻ, വോൾവ്സ്ബർഗ് പോരാട്ടവും ശനിയാഴ്ച നടക്കുന്ന മികച്ച പോരാട്ടങ്ങൾ ആണ്. ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ ജർമ്മൻ വമ്പന്മാരായ ഷാൽകെ ഞായറാഴ്ച നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്.സി കോളിനെ ആണ് നേരിടുക. ബുണ്ടസ് ലീഗ മത്സരങ്ങൾ സോണി ടെൻ ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.