ജർമ്മനിയിലെ ലീഗ് കിരീടം ഇന്ന് തീരുമാനമാകും. ബുണ്ടസ് ലീഗയിൽ ഇന്ന് ഗ്ലാഡ്ബാചിനെ നേരിടുന്ന ബയേൺ മ്യൂണിച്ചിന് ഇന്ന് വിജയിച്ചാൽ കിരീടം അവരുടേതാക്കാം. 31 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ബയേൺ ഇപ്പോൾ. രണ്ടാമതുള്ള ലൈപ്സിഗിനേക്കാൾ 7 പോയിന്റിന്റെ ലീഡ് ഇപ്പോൾ ബയേണ് ഉണ്ട്. ഇനി ലീഗിൽ അവശേഷിക്കുന്നത് ആകട്ടെ വെറും മൂന്ന് മത്സരങ്ങളും.
ലൈപ്സിഗ് അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ പോലും 73 പോയിന്റിൽ മാത്രമെ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ഇന്നത്തെ ബയേൺ വിജയം അവരുടെ കിരീടം ഉറപ്പിക്കും. ചിലപ്പോൾ ബയേൺ മത്സരം ആരംഭിക്കും മുമ്പ് തന്നെ ഇന്ന് ബയേൺ കിരീടം നേടും. ഇന്ന് ആദ്യം നടക്കുന്ന ലൈപ്സിഗ് ഡോർട്മുണ്ട് മത്സരത്തിൽ ലൈപ്സിഗ് പരാജയപ്പെടുക ആണെങ്കിലും ബയേൺ ചാമ്പ്യന്മാരാകും. ബയേൺ കിരീടം നേടിയാൽ അത് അവരുടെ തുടർച്ചയായ ഒമ്പതാം ബുണ്ടസ് ലീഗ കിരീടമാകും. ആകെ 31ആം ജർമ്മൻ ലീഗ് കിരീടവും. ഇന്ന് രാത്രി 7 മണിക്കാണ് ഡോർട്നുണ്ട് ലൈപ്സിഗ് മത്സരം നടക്കുന്നത്. 10 മണിക്ക് ബയേണിന്റെ മത്സരവും നടക്കും.