ജർമ്മനിയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ബയേൺ മ്യൂണിക്ക് വെർഡർ ബ്രെമനെ പരാജയപ്പെടുത്തിയത്. ലിയോൺ ഗോരെട്സ്ക, സെർജ് ഗ്നാബ്രി, റോബർട്ട് ലെവൻഡോസ്കി എന്നിവർ ബയേൺ മ്യൂണിക്കിനായി ഗോളടിച്ചപ്പോൽ വെർഡർ ബ്രെമന്റെ ആശ്വാസ ഗോൾ നേടിയത് നിക്ലാസ് ഫുൾക്രുഗാണ്. കളിയിൽ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി തോമസ് മുള്ളർ ബയേണിന്റെ അക്രമണത്തിന് കുന്തമുനായി.
ആദ്യ പകുതിയിൽ ഗോരെട്സ്കയുടേയും ഗ്നാബ്രിയുടെയും ഗോളുകൾ തന്നെ ബയേണിന് ജയമുറപ്പിച്ചതാണ്. രണ്ടാം പകുതിയിലാണ് ബുണ്ടസ് ലീഗ റെക്കോർഡുകൾ തകർത്ത് റോബർട്ട് ലെവൻഡോസ്കിയുടെ ഗോൾ പിറക്കുന്നത്. ബുണ്ടസ് ലീഗയിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ നിലമെച്ചപ്പെടുത്തിയിരിക്കുകയാണ് പോളിഷ് സൂപ്പർ താരം. പകരക്കാരനായി ഇറങ്ങിയ ഫുൾക്രുഗർ കളിയവസാനിക്കാനിരിക്കെ ബയേണിനെതിരെ ആശ്വാസ ഗോൾ നേടി. നിലവിൽ ബുണ്ടസ് ലീഗയിൽ അഞ്ച് പോയന്റിന്റെ ലീഡ് ബയേണിനുണ്ട്.