ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബയേൺ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്‌കിയും ഓരോ ഗോളുമായി ഹാവി മാർട്ടിനെസും തോമസ് മുള്ളറും സെർജ് ഗ്നാബ്രിയും ബയേണിന് വേണ്ടി സ്‌കോർ ചെയ്തു. ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ നേടിയത് ലാർസ് സ്റ്റിൻഡിലാണ്.
ഇന്നത്തെ ജയം പോയന്റ് നിലയിൽ ബയേണിനെ ടേബിൾ ടോപ്പേഴ്‌സ് ആയ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം എത്തിച്ചു. ഏറെക്കാലത്തിനു ശേഷമാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ എതിരാളികളെ ദയയില്ലാതെ ആക്രമിക്കുന്നത്. യാൻ സൊമ്മറിന്റെ മികച്ച പ്രകടനമില്ലെങ്കിൽ ഗോളുകളുടെ എണ്ണം ഇതിലുമുയർന്നേനെ.
മികച്ച പ്രകടനവുമായി തിയാഗോയും കിമ്മിഷും ഗ്നാബ്രിയും ബയേണിന്റെ ആക്രമണം മുന്നിൽ നിന്നും നയിച്ചു. ഇന്നത്തെ ഇരട്ട ഗോളുകളുമായി ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടോപ്പ് സ്‌കോറർമാരിൽ മൂന്നാമതായി റോബർട്ട് ലെവൻഡോസ്‌കി. 121 ഗോളുകളാണ് ലെവൻഡോസ്‌കി ബയേണിന് വേണ്ടി നേടിയത്. ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്.