ബുണ്ടസ് ലീഗയിൽ യൂണിയൻ ബെർലിനെ രണ്ടിനെതിരെ 5 ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിച്. ജർമ്മൻ കപ്പിൽ ബൊറൂസിയയോട് 5 ഗോളിന്റെ വലിയ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ബയേണിന്റെ ലീഗിലെ പ്രായശ്ചിത്തം. ആവേശകരമായ അക്രമണ ഫുട്ബോൾ കണ്ട മത്സരത്തിൽ റോബർട്ട് ലെവണ്ടോസ്കി ഇരട്ടഗോളുകൾ നേടി. പോളിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 15 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ടു ലെവണ്ടോസ്കി ആണ് മത്സരത്തിൽ ഗോളടിക്കു തുടക്കം കുറിച്ചത്.
23 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ബുദ്ധിപൂർവ്വം എടുത്ത ബയേണിനു ആയി മുള്ളറിന്റെ പാസിൽ നിന്നു ലെവണ്ടോസ്കി രണ്ടാമതും ഗോൾ നേടിയതോടെ ബയേണിന്റെ ലീഡ് ഇരട്ടിയായി. 34 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി തോമസ് മുള്ളർ ഗോളിന് വഴി ഒരുക്കിയപ്പോൾ ഗോൾ കണ്ടത്തിയ ലിറോയ് സാനെ ബയേണിനു മൂന്നാം ഗോളും സമ്മാനിച്ചു. എന്നാൽ 43 മത്തെ മിനിറ്റിൽ മാനുവൽ ന്യൂയറിന്റെ പിഴവ് മുതലെടുത്ത നിക്കോ ബെർലിനു ആയി ഒരു ക്ലബ് തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ ഒരിക്കൽ കൂടി ഗോൾ അവസരം ഒരുക്കിയ തോമസ് മുള്ളറിന്റെ പാസിൽ നിന്നു കിങ്സ്ലി കോമാൻ ബയേണിന്റെ നാലാം ഗോളും നേടി. എന്നാൽ 5 മിനിറ്റിനു അപ്പുറം ഗോൾ കണ്ടത്തിയ ജൂലിയൻ റേയേർസൻ ബെർലിനു വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 79 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഉപമകാനോ നൽകിയ പാസിൽ നിന്നു അഞ്ചാം ഗോളും അടിച്ച തോമസ് മുള്ളർ ബയേണിന്റെ വലിയ ജയം ഉറപ്പിച്ചു. ഗോളിലേക്ക് ഉതിർത്ത 6 ഷോട്ടിൽ 5 എണ്ണവും ഗോൾ ആക്കാൻ മത്സരത്തിൽ ബയേണിനു ആയി. വലിയ പരാജയം നേരിട്ടു എങ്കിലും ബയേണിന്റെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്തു അവരെ വിറപ്പിക്കാൻ ബെർലിനും ആയി. നിലവിൽ ലീഗിൽ ബയേൺ ഒന്നാമതും യൂണിയൻ ബെർലിൻ ഏഴാമതും ആണ്.