യൂറോപ്യൻ സൂപ്പർ ലീഗ് വേണ്ടെന്ന് പറഞ്ഞ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ജർമ്മൻ ടീമുകൾ ആരും പുതിയ സൂപ്പർ ലീഗിൽ ഇല്ലെന്നുറപ്പായെങ്കിലും ഇന്നാണ് ബയേൺ മ്യൂണിക്ക് നിലപാട് വ്യക്തമാക്കിയത്. ബയേൺ മ്യൂണിക്കിന്റെ ആരാധകരും ക്ലബ്ബ് മെംബേഴ്സും യൂറോപ്യൻ സൂപ്പർ ലീഗിനെ റിജക്റ്റ് ചെയ്യുന്നതായി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു. യൂറോപ്യൻ ക്ലബ്ബുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗെന്ന മനോഹരമായ ടൂർണമെന്റ് നിലവിലുണ്ട് അതുകൊണ്ട് തന്നെ സൂപ്പർ ലീഗിനെ റിജക്റ്റ് ചെയ്യുന്നതായി ക്ലബ്ബ് പ്രസിഡന്റ് ഹെർബർട്ട് ഹെയ്നർ പറഞ്ഞു.
ബയേൺ മ്യൂണിക്ക് സിഇഒ കാൾ-ഹെയിൻസ് റെമെനിഗെയും സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെതിയിരുന്നു. ബയേൺ മ്യൂണിക്ക് യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുകയില്ലെന്നും ബുണ്ടസ് ലീഗയിലും ചാമ്പ്യൻസ് ലീഗിൽ കളിക്കാനുമാണ് താത്പര്യമെന്നും ബയേൺ സിഇഒ കൂട്ടിച്ചേർത്തു. ഇന്നലെ തന്നെ ബൊറുസിയ ഡോർട്ട്മുണ്ട് യൂറോപ്യൻ സൂപ്പർ ലീഗിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആർബി ലെപ്സിഗും അതിന് പിന്നാലെ തന്നെ സൂപ്പർ ലീഗ് പ്ലാനുകൾ ഇല്ലെന്ന് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറത്തിറക്കി. നിലവിൽ ജർമ്മനിയിൽ നിന്നും ഫ്രാൻസിൽ നിന്നും ടീമുകൾ ഒന്നുമില്ലാതെയാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്ലാനുകൾ മുന്നോട് പോകുന്നത്.