രണ്ട് മാസത്തെ ഇടവേളക്ക് ശേഷം യൂറോപ്പിൽ ഫുട്ബോൾ തിരികെയെത്തിയിരിക്കുന്നു. ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ബവേറിയന്മാരുടെ എതിരാളികൾ യൂണിയൻ ബെർലിനാണ്. യൂണിയൻ ബെർലിൻ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ജർമ്മനിയിലെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ്. ഈ സീസണിൽ ആദ്യമായി ബയേണും യൂണിയൻ ബെർലിനും അലയൻസ് അറീനയിൽ വെച്ച് തമ്മിൽ ഏറ്റുമുട്ടിയപ്പൊൾ 2-1 ന്റെ ജയമായിരുന്നു ബയേൺ നേടിയത്.
തുടർച്ചയായ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പുമായാണ് ബയേൺ ഇന്നിറങ്ങുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിയേയും ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനേയും ഏകപക്ഷീയമായി പരാജയപ്പെടുത്തിയതിന് പിന്നാലെയാണിത്. അതേ സമയം 1-3 ന്റെ പരാജയമാണ് യൂണിയൻ ബെർലിൻ ഫ്രെയ്ബർഗിനോട് ഏറ്റുവാങ്ങിയത്. അതേ സമയം ഹാൻസി ഫ്ലിക് ബയേണിന്റെ പെർമനന്റ് മാനേജരായതിന് ശേഷമാണ് ബയേൺ ഇന്നിറങ്ങുന്നത്. പരിക്ക് ഭേദമായി റോബർട്ട് ലെവൻഡോസ്കിയും ഇവാൻ പെരിസിചും തിരികെയെത്തി. എന്നാൽ ടോളീസോ, നിക്ലാസ് സുലേ, ബ്രസീലിയൻ സൂപ്പർ സ്റ്റാർ കൗട്ടീനോ എന്നിവർ പരിക്കിനെ തുടർന്ന് പുറത്താണ്. അതേ സമയം യൂണിയൻ ബെർലിനിൽ വിങ്ങർ അകാകി ഗോഗിയ മാത്രമാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്.