ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിന്റെ തിരിച്ചു വരവ് വെല്ലുവിളി അതിജീവിച്ചു ബയേൺ മ്യൂണിക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ബയേണിന്റെ ജയം. ജയത്തോടെ യൂണിയൻ ബെർലിനെ മറികടന്നു ഒന്നാം സ്ഥാനത്തേക്ക് ബയേൺ ഉയർന്നു. അതേസമയം ഹെർത്ത 14 സ്ഥാനത്ത് ആണ്. മത്സരത്തിൽ ബയേണിന്റെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. 12 മത്തെ മിനിറ്റിൽ സാദിയോ മാനെയുടെ പാസിൽ നിന്നു ജമാൽ മുസിയാല ബയേണിനു ആയി ആദ്യ ഗോൾ നേടി. 37, 38 മിനിറ്റുകളിൽ റീബൗണ്ടിൽ നിന്നു ഗോൾ നേടിയ എറിക് ചുപോ മോട്ടിങ് ബയേണിനു മൂന്നു ഗോൾ മുൻതൂക്കം നൽകി.
സീസണിൽ നിലവിൽ അതുഗ്രൻ ഫോമിലുള്ള ചുപോ മോട്ടിങ് തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. മൂന്നാം ഗോൾ വഴങ്ങി രണ്ടു മിനിറ്റിനുള്ളിൽ ഹെർത്ത ഒരു ഗോൾ മടക്കി. മാർകോ റിച്ചറിന്റെ പാസിൽ നിന്നു ലുകബാകിയോ അവർക്ക് പ്രതീക്ഷ നൽകി. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പവാർഡിന്റെ ഫൗൾ വാർ പെനാൽട്ടി നൽകി. പെനാൽട്ടി എടുത്ത ഡേവി സെൽക ന്യൂയറിനെ മറികടന്നതോടെ ഹെർത്തക്ക് വലിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വലിയ അവസരങ്ങൾ ഒന്നും പിറന്നില്ല. അഗസ്റ്റിൻ റോഗൾ നേടിയ സെൽഫ് ഗോൾ ബയേണിനു നാലാം ഗോൾ നൽകിയത് ആയി തോന്നിയെങ്കിലും ഇതിനു മുമ്പ് അൽഫോൺസോ ഡേവിസ് ഓഫ് സൈഡ് ആയതിനാൽ വാർ ഗോൾ അനുവദിച്ചില്ല. ഡേവിസ് 64 മത്തെ മിനിറ്റിൽ പരിക്കേറ്റു പുറത്ത് പോയത് ബയേണിനു തിരിച്ചടിയായി.