ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിക്കുകയാണ് ഡച്ച് പരിശീലകൻ പീറ്റർ ബോഷിന്റെ ബയേർ ലെവർകൂസൻ. അറ്റാക്കിംഗ് ഫുട്ബോളിന് പേര് കേട്ട ബോഷിന്റെ മാജിക്കാണ് ബയേർ ലെവർകൂസൻ ബുണ്ടസ് ലീഗയിൽ കാഴ്ച്ച വെക്കുന്നത്.
ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ചാണ് ബയേർ ലെവർകൂസൻ വാർത്തകളിൽ ഇടം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുൾക്കാണ് ബയേൺ മ്യൂണിക്കിനെ ബയേർ ലെവർകൂസൻ പരാജയപ്പെടുത്തിയത്. കെവിൻ വോള്ളാണ്ടും ലിയോൺ ബെയ്ലിയും അലാരിയോയും ബയേണിന്റെ വലയിലേക്ക് ഗോളടിച്ച് കയറ്റിയപ്പോൾ ബുണ്ടസ് ലീഗ ആരാധകർക്ക് ലഭിച്ചത് മികച്ച ഫുട്ബോൾ അനുഭവമാണ്. ബോഷ് ബയേറിന്റെ കോച്ചായി വന്നതിന് ശേഷം 12 ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്.
ഇന്ന് മെയിൻസിനെതിരെ 5-1 എന്ന മാർജിനിലാണ് ബയേർ ലെവർകൂസൺ ജയിച്ചത്. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി ജർമ്മൻ താരം ജൂലിയൻ ബ്രാൻഡ്റ്റ് അരങ്ങ് തകർത്ത മത്സരത്തിൽ യുവതാരം കൈ ഹാവേട്സും ബെല്ലരാബിയും വെൻഡ്ലും ഗോളടിച്ചു.
19 കാരനായ കൈ ഹാവേട്സ് ഈ സീസണിൽ അടിച്ച് കൂട്ടിയത് 11 ഗോളുകളാണ്. പീറ്റർ ബോഷിന്റെ കീഴിൽ അറ്റാക്കിംഗ് ഫുട്ബോളിന് മറ്റൊരു നിർവചനം നൽകുകയാണ് ബയേർ ലെവർകൂസൺ. ബുണ്ടസ് ലീഗയിൽ നിലവിൽ 7ആം സ്ഥാനത്തുള്ള ബയേർ ലെവർകൂസൻ യൂറോപ്പ ലീഗിലും ഗോളടി തുടരുന്നു.
ബൊറുസിയ ഡോർട്ട്മുണ്ടിനെ മുൻ കോച്ചായിരുന്ന ബോഷിന് മോശം പ്രകടനത്തെ തുടർന്നാണ് ക്ലബ്ബ് പുറത്താക്കിയത്. ലീഗയിൽ ഫെബ്രുവരി 24നു ബൊറുസിയ ഡോർട്ട്മുണ്ടിനോട് പകരം വീട്ടാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. മികച്ച ഫോമിൽ കുതിക്കുന്ന ഡോർട്ട്മുണ്ടിനെ ബയേർ ലെവർകൂസന് പിടിച്ച് കെട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.