ബുണ്ടസ് ലീഗെയിൽ ബയേണിന് ജയം. അവസാന സ്ഥാനക്കാരായ പദേർബോണിനെ 3-2 നാണ് അവർ മറികടന്നത്. ജയത്തോടെ ലീഗ് ടേബിളിൽ ബയേണിന്റെ ലീഡ് 4 പോയിന്റ് ആയി ഉയർന്നു. റോബർട്ട് ലെവൻഡോസ്കി നേടിയ ഗോളാണ് ബാവേറിയന്മാരെ വിലപ്പെട്ട 3 പോയിന്റ് നേടാൻ സഹായിച്ചത്.
കളിയിൽ ബയേണിന് കാര്യങ്ങൾ അത്ര പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല. കളിയിൽ 2 തവണ ലീഡ് എടുത്തെങ്കിലും 2 തവണയും സന്ദർശകർ സമനില കണ്ടെത്തിയത്തോടെ ബയേണിന് സമനില വഴങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കളിയിൽ 25 ആം മിനുട്ടിൽ നാബ്‌റിയുടെ ഗോളിലാണ് ബയേൺ ലീഡ് എടുത്തത്. പക്ഷെ 44 ആം മിനുട്ടിൽ സെർബനി സന്ദർശകർക്ക് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ ലെവൻഡോസ്കി 70 ആം മിനുട്ടിൽ വീണ്ടും ബയേണിന് ലീഡ് നൽകിയെങ്കിലും വെറും 5 മിനുട്ടുകൾക്ക് ഉള്ളിൽ പദേർബോണിന്റെ മറുപടി എത്തി. മിക്കേൽ ആണ് ഗോൾ നേടിയത്. എന്നാൽ എന്നും ബയേണിന്റെ ഹീറോ ആയി മുന്നിൽ നിന്ന് നയിച്ച ലെവൻഡോസ്കി ഇത്തവണയും ഫ്ലിക്കിന്റെ രക്ഷക്ക് എത്തി. 88 ആം മിനുട്ടിലാണ് താരം ഗോൾ നേടി വിലപ്പെട്ട 3 പോയിന്റ് കീശയിലാക്കിയത്.













