ജർമ്മൻ ക്ലബ്ബായ ബൊറുസിയ ഡോർട്ട്മുണ്ട് ഒഫീഷ്യൽ പാർട്ട്ണറായ പ്യൂമയുമായി കരാർ പുതുക്കി. പുതുക്കിയ കരാർ അനുസരിച്ച് 300 മില്ല്യൺ യൂറോയാണ് ക്ലബ്ബിന് ലഭിക്കുക. 10 വർഷത്തെ കരാർ ആണ് പുതുക്കിയത്. പ്യൂമയുമായുള്ള ഡോർട്ട്മുണ്ടിന്റെ കരാർ 2022ൽ അവസാനിക്കാനിരുന്നതായിരുന്നു. പുതുക്കിയ കരാർ അനുസരിച്ച് ഓരോ സീസണിലും ക്ലബ്ബിന് 30 മില്ല്യൺ യൂറോ വീതമാണ് ലഭിക്കുക.
2020 മുതലായിരിക്കും പുതിയ കരാർ നിലവിൽ വരിക. ഇതിനു മുൻപ് ഉണ്ടായിരുന്ന കരാർ അനുസരിച്ച് 20മില്ല്യൺ യൂറോയായിരുന്നു ക്ലബ്ബിന് ലഭിച്ചു കൊണ്ടിരുന്നത്. ബുണ്ടസ് ലീഗയിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ബൊറുസിയ ഡോർട്ട്മുണ്ട് കാഴ്ച്ച വെച്ചത്. ഒരു ഘട്ടത്തിൽ ബയേൺ മ്യൂണിക്കിനെ പിന്തള്ളി ഡോർട്ട്മുണ്ട് കിരീടമുയർത്തുമെന്നുവരെ തോന്നിപ്പിച്ചിരുന്നു. ജനുവരിക്ക് ശേഷം മികച്ച തിരിച്ച് വരവിലൂടെയാണ് ബയേൺ കിരീടം നിലനിർത്തിയത്. പ്യുമയുമായുള്ള പുതിയ കരാർ ഡോർട്ട്മുണ്ടിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതാണ്.