പരിക്ക്; ബ്രോസോവിച് ഒരു മാസത്തോളം പുറത്ത്

ദേശിയ ടീമിന്റെ മത്സരങ്ങൾക്കിടെ പരിക്ക് തുടർക്കഥയാകുന്നു. ക്രൊയേഷ്യൻ മധ്യനിര താരം മാഴ്സെലോ ബ്രോസോവിച് ആണ് പുതുതായി പരിക്കേറ്റ പ്രമുഖ താരങ്ങളിൽ ഒരാൾ. ഓസ്ട്രിയക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ പകുതിയിൽ തന്നെ കളം വിടേണ്ടിയും വന്നിരുന്നു. മത്സരത്തിൽ വിജയം നേടാനായെങ്കിലും താരത്തിന്റെ പരിക്ക് തങ്ങളെ ബാധിച്ചിരുന്നതായി സഹതാരമായ മോഡ്രിച്ച് പറഞ്ഞു. ആഴ്ച്ചകളോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ.

ബ്രോസോവിച്

ബ്രോസോവിച്ചിന്റെ പരിക്ക് ഇന്റർ മിലാനും കനത്ത തിരിച്ചടിയാണ്. ഈ വാരം റോമയുമായിട്ടാണ് ഇന്ററിന് സീരി എയിൽ മത്സരമുള്ളത്. തുടർന്ന് അടുത്ത രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ബാഴ്‌സലോണയുമായിട്ടാണ്. ഈ മത്സരങ്ങൾക്ക് ഒന്നും താരത്തിന്റെ സേവനം ടീമിന് ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സീസണിലെ മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു ഇന്റർ. താരത്തിന്റെ ഇടത് തുടക്കാണ് പരിക്കേറ്റിരിക്കുന്നത് എന്ന് ദേശിയ ടീം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മുന്നിൽ കണ്ട് തിരിച്ചു വരവിന് താരം ദൃതി കൂട്ടില്ല എന്നാണ് സൂചനകൾ.