ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൂയിസ് ഹെൻറിക്ക് അവസാന നിമിഷം നേടിയ ഗോളിൽ ചിലിക്കെതിരെ 2-1ന് നാടകീയമായ തിരിച്ചുവരവ് ബ്രസീൽ സ്വന്തമാക്കി. സാൻ്റിയാഗോയിൽ നടന്ന മത്സരത്തിൽ ചിലി ആദ്യം ലീഡ് നേടിയിരുന്നു, അവിടെ നിന്ന് തിരിച്ചടിച്ചാണ് ബ്രസീൽ 3 പോയിന്റ് ഉറപ്പിച്ചത്.
മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ചിലി ബ്രസീലിനെ ഞെട്ടിച്ചു, ഫ്രാൻസിസ്‌കോ ലയോളയുടെ അസിസ്റ്റിൽ നിന്ന് എഡ്വേർഡോ വർഗാസ് വലകുലുക്കി.
ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബ്രസീൽ കിണഞ്ഞു പരിശ്രമിച്ചു. ഇഗോർ ജീസസിലൂടെ സ്റ്റോപ്പേജ് ടൈമിൽ ബ്രസീലിന് സമനില നേടാനായി. സാവിയോയുടെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ജീസസിന്റെ ഗോൾ. സ്കോർ 1-1
മത്സരം അവസാനിക്കാറായപ്പോൾ ബ്രസീലിൻ്റെ തുടർ ആക്രമണങ്ങൾ ഫലം കണ്ടു. 89-ാം മിനിറ്റിൽ ചിലിയൻ ആരാധകരെ നിശബ്ദരാക്കിയ ക്ലിനിക്കൽ സ്‌ട്രൈക്കിലൂടെ ലൂയിസ് ഹെൻറിക് വിജയഗോൾ നേടി. വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റുമായി ബ്രസീൽ യോഗ്യതാ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
അവസാന സ്കോർ: ചിലി 1-2 ബ്രസീൽ