ബ്രസീൽ ദേശീയ ടീം പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. ഇപ്പോഴും അവരുടെ പ്രധാന ലക്ഷ്യം കാർലോ ആഞ്ചലോട്ടി ആണ്. ആഞ്ചലോട്ടി മികച്ച പരിശീലകനാണെന്നും അദ്ദേഹത്തെ സമീപിക്കാനുള്ള ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് സ്ഥിരീകരിച്ചു.
“കാർലോ ആഞ്ചലോട്ടി ഒരു മികച്ച പരിശീലകനാണ്, ബ്രസീൽ ദേശീയ ടീമിന്റെ പുതിയ പരിശീലകൻ എന്ന നിലയിൽ ഞങ്ങളുടെ പ്രധാന ലക്ഷ്യം ആഞ്ചലോട്ടി ആയിരിക്കും. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, ജൂലൈ മുതൽ ഈ റോൾ സ്വീകരിക്കാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്” റോഡ്രിഗസ് പറഞ്ഞു.
നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ ആഞ്ചലോട്ടി സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് തന്നെയാണ് സൂചനകൾ. എസി മിലാൻ, ചെൽസി, പാരിസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്, എവർട്ടൺ തുടങ്ങിയ മുൻനിര ടീമുകളെ മുമ്പ് പരിശീലിപ്പിച്ച കോച്ച് ആണ് ആഞ്ചലോട്ടി. അദ്ദേഹം ബ്രസീലിന്റെ ഈ ഓഫർ സ്വീകരിക്കുമോ എന്ന് കണ്ടറിയണം.
അഞ്ച് തവണ ഫിഫ ലോകകപ്പ് റെക്കോർഡ് നേടിയ ബ്രസീൽ ലോകത്തിലെ ഏറ്റവും വിജയകരമായ ഫുട്ബോൾ ടീമുകളിലൊന്നാണ്. എന്നാൽ 2002ന് ശേഷം ലോകകപ്പ് നേടാൻ ബ്രസീലിനായിട്ടില്ല.