ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ബോൾട്ടൺ വാണ്ടറേഴ്സ് ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോവുകയാണ്. കഴിഞ്ഞ ആഴ്ച ലീഗ് വണിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ട ബോൾട്ടൻ അഡ്മിനിസ്ട്രേഷൻ ഘട്ടത്തിലേക്ക് ഔദ്യോഗികമായി കടന്നു. ക്ലബ് പാപ്പാരാകുന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ഉടമസ്ഥരെ ഉൾപ്പെടുത്തി താൽക്കാലിക ഭരണസനിതി ഉണ്ടാക്കിയിരിക്കുകയാണ് ബോൾട്ടൺ. ക്ലബിലെ താരങ്ങളുടെ ഉൾപ്പെടെ ശമ്പളം കൊടുക്കാതിരുന്നതോടെ ആണ് ഇത്തരമൊരു തീരുമാനം ബോൾട്ടൺ എടുക്കേണ്ടി വന്നത്.
അഡ്മിനിസ്ട്രേഷനിൽ പോയതോടെ ലീഗിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക നടപടിയും ഉണ്ടാകും. അടുത്ത വർഷം ലീഗ് വണിൽ 12 പോയന്റാകും തുടക്കത്തിൽ തന്നെ ബോൾട്ടണ് നഷ്ടമാവുക. -12 എന്ന പോയന്റിലാകും ബോൾട്ടൺ സീസൺ തുടങ്ങുക. പുതിയ ഉടമയെ ഉടൻ കണ്ടെത്താൻ ക്ലബിനായില്ല എങ്കിൽ ബോൾട്ടൺ എന്നെത്തേക്കുമായി ഇല്ലാതാകാനും സാധ്യതയുണ്ട്.
അവസാന കുറച്ചു കാലങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബോൾട്ടൺ ഉണ്ടായിരുന്നത്. ഇതാൺ ക്ലബിന്റെ റിലഗേഷനിൽ വരെ എത്തിച്ചത്. താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വരെ നൽകാൻ അവസാന കുറേ മാസങ്ങളായി ബോൾട്ടണ് ആയിരുന്നില്ല.