ബെംഗളൂരു ഡിഫൻസിനെ വെള്ളം കുടിപ്പിച്ച സഹൽ അബ്ദുൽ സമദിന്റെ വേൾഡ് ക്ലാസ് ടച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ത് നേടി അല്ലായെങ്കിൽ എന്ത് ആരാധകർക്ക് നൽകി എന്നൊക്കെ ചോദിച്ചാൽ ഒരുത്തരം ഉണ്ട് നൽകാൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂരുകാരൻ. കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ വിജയത്തിന്റെ കണക്കോ കലിപ്പ് അടക്കലോ ഒന്നും പറയാൻ ഇല്ലായെങ്കിലും കേരളത്തിൽ നിന്ന് ഒരു ലോക നിലവാരമുള്ള താരം വളർന്നു വരുന്നത് കാണാൻ ഈ സീസൺ ഫുട്ബോൾ പ്രേമികൾക്ക് ആവുന്നുണ്ട്.

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിനോട് ഈ സീസണിൽ ചെയ്ത ഏക നല്ല കാര്യം സഹൽ അബ്ദുൽ സമദിനെ ഒരു മടിയും ഇല്ലാതെ സ്ഥിരമായി കളിപ്പിച്ചു എന്നതാകണം. കിട്ടിയ അവസരങ്ങൾ ഒക്കെ സഹൽ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നലെ ആയിരുന്നു സഹലിന്റെ സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കണ്ടത്. ഇന്ത്യൻ ഫുട്ബോളിൽ പലരും മടിക്കുന്ന പാസുകൾ ഒക്കെ ധൈര്യപൂർവ്വം അറ്റമ്പ്റ്റ് ചെയ്യുകയാണ് ഈ യുവതാരം.

ബെംഗളൂരുവിന്റെ പേരു കേട്ട ഡിഫൻസ് സഹലിനെ ഉൾകൊള്ളാൻ തെല്ലൊന്നുമല്ല പണിപെട്ടത്. ഇന്നലെ കളിയുടെ 67ആം മിനുട്ടിൽ കോർണർ ഫ്ലാഗിനടുത്ത് വെച്ച് ദിമാസ് ദെൽഗാഡോയെ ഒരു ബാക്ക് ഹീൽ ഫ്ലിക്കിലൂടെ മറികടന്ന് സഹൽ ബോക്സിലേക്ക് കുതിച്ചത് കണ്ടാൽ മാത്രം മതി സഹൽ എന്ന താരത്തിന്റെ ഗുണം അറിയാൻ. ബാഴ്സലോണയിൽ ഒക്കെ കളി പടിച്ചു വന്ന ദിമാസ് നിലത്ത് വീണ് മണ്ണു പറ്റാഞ്ഞത് ഭാഗ്യം എന്ന് പറയാം.

ജയിക്കാത്തതും അവരുടെ പ്രകടനവുമൊക്കെ രണ്ട് സീസണായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തിയിട്ട് എങ്കിലും ഇത്തവണയാണ് സഹലിന് ഐ എസ് എല്ലിൽ കഴിവു തെളിയിക്കാൻ അവസരം ലഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി ഇപ്പോൾ പതിനാറ് മത്സരങ്ങൾ സഹൽ കളിച്ചു കഴിഞ്ഞു. ഇന്ത്യം ടീമിലേക്ക് സഹൽ എത്തുന്ന കാലം വിദൂരമല്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ഈ സീസണിലെ ഐ എസ് എല്ലിന്റെ കണ്ടുപിടുത്തമായി സഹലിനെ വാഴ്ത്തുന്നുണ്ട് ഫുട്ബോൾ നിരീക്ഷകർ.

ഗോളും അസിസ്റ്റും ഇതുവരെ സ്വന്തം പേരിൽ ഇല്ലാ എങ്കിലും ഗോളിന് അടുത്ത് എത്താനും രണ്ട് പെനാൽറ്റികൾ കേരളത്തിന് നേടിക്കൊടുക്കാനും സഹലിന് ഇതുവരെ ആയിട്ടുണ്ട്. സഹലിന്റെ ഒരു ലോംഗ് റേഞ്ചർ ഗോൾ വലയുടെ ടോപ്പ് കോർണറിൽ പതിക്കുന്ന കാലം വിദൂരവുമല്ല. കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് രണ്ട് വർഷം മുമ്പ് നടന്ന സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. അന്ന് സന്തോഷ് ട്രോഫിയിൽ കാണിച്ച മികവാണ് സഹലിനെ ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.