ഐ ലീഗ് യോഗ്യതാ റൗണ്ടിലെ നിർണായക പോരാട്ടത്തിൽ ബെംഗളൂരു യുണൈറ്റഡും അര എഫ് സിയും സമനിലയിൽ പിരിഞ്ഞു. ഇത് രണ്ട് ക്ലബുകൾക്കും ഒരേ പോലെ തിരിച്ചടിയാണ്. രണ്ട് ക്ലബുകളുടെയും ഐ ലീഗ് സ്വപ്നം ഇതോടെ അനിശ്ചിത്വത്തിലായി. കൊൽക്കത്തയിൽ നടന്ന മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. അര എഫ് സി ഇന്ന് ആദ്യ മത്സരത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്.
മത്സരത്തിന്റെ 36ആം മിനുട്ടിൽ ഗുജറാത്ത് സ്വദേശിയായ പ്രതിക് സ്വാമിയാണ് അര എഫ് സിക്ക് വേണ്ടി ഗോൾ നേടിയത്. മലയാളി താരം ശ്രീകുട്ടൻ ആയിരുന്നു ആ ഗോളിനുള്ള അറ്റാക്ക് തുടങ്ങി വെച്ചത്. അര എഫ് സി അവരുടെ ആദ്യ വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും മത്സരത്തിന്റെ 96ആം മിനുട്ടിൽ ബെംഗളൂരു യുണൈറ്റഡ് സമനില കണ്ടെത്തി. ഒരു പെനാൾട്ടിയിൽ നിന്ന് മുഹമ്മദ് അസ്റാർ ആണ് സമനില ഗീൾ നേടിയത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്താണ് ഉള്ളത്. അര എഫ് സിക്ക് ഇത് ആദ്യ പോയിന്റാണ്.