ബെനിറ്റോ വില്ലമറിനിൽ നടന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ നാടകീയമായ 2-2 സമനില വഴങ്ങി ബാഴ്‌സലോണ. ഈ സമനിലയോടെ ബാഴ്സലോണ 17 മത്സരങ്ങളിൽ നിന്ന് 38 പോയിൻ്റുമായി ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ 2 മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 33 പോയിന്റുമായി പിറകിൽ ഉണ്ട്.
സീസണിലെ തൻ്റെ 16-ാം ഗോളിലൂടെ റോബർട്ട് ലെവൻഡോസ്‌കി 39-ാം മിനിറ്റിൽ ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. കൗണ്ടേയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ, 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജിയോവാനി ലോ സെൽസോ ശാന്തമായി ഗോളാക്കി മാറ്റിയതോടെ റയൽ ബെറ്റിസ് സമനില പിടിച്ചു.
82-ാം മിനിറ്റിൽ ലമിൻ യമാലിൻ്റെ തകർപ്പൻ അസിസ്റ്റിനെത്തുടർന്ന് ഫെറാൻ ടോറസ് ബാഴ്‌സലോണ ലീഡ് തിരികെ നൽകി. എന്നാൽ ഇഞ്ചുറി ടൈമിൽ, ആതിഥേയർക്ക് നിർണായക പോയിൻ്റ് ഉറപ്പാക്കാൻ ആയി. 94ആം മിനുട്ടിൽ എയ്‌റ്റർ റൂബലിൻ്റെ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് അസാൻ ഡിയാവോയിലൂടെ ബെറ്റിസിന് സമനില കണ്ടെത്തി.