ഫ്രാങ്ക് കെസ്സി, ഹെക്ടർ ബെല്ലാരിൻ എന്നിവരുടെ ഭാവി വ്യക്തമാക്കി ബാഴ്‌സലോണ പ്രെസിഡന്റ് ലപോർട. ഇരുവരും ജനുവരിയിൽ വിൽപ്പനക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സീസൺ വീണ്ടും പുനരാരംഭിക്കുമ്പോൾ ഇരു താരങ്ങൾക്കും ടീമിന്റെ അഭിവാജ്യ ഘടകമാകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സീസണിൽ പകരക്കാരുടെ റോളിൽ ആയിരുന്നു ഇരു താരങ്ങളും.
ജനുവരിയിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ബാഴ്‌സക്ക് സാധിച്ചേക്കില്ല എന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഫിനാൻഷ്യൽ ഫെയർപ്ലെ ആണ് ഇപ്പോഴും ടീമിന് തിരിച്ചടി ആയിട്ടുള്ളത്. അതിനാൽ തന്നെ നിലവിലെ താരങ്ങളെ ഒഴിവാക്കുന്നതിനെ കുറിച്ചു ടീം ചിന്തിക്കുന്നില്ല. ഫ്രീ ഏജന്റ് ആയി ടീമിൽ എത്തിയ കെസ്സിക്ക് പലപ്പോഴും ടീമിന്റെ ശൈലിയുമായി പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. മിലാനിൽ പുറത്തെടുത്തിരുന്ന മികച്ച പ്രകടനം കണ്ടെത്താൻ ഒരിക്കൽ കൂടി താരത്തിന് സാധിച്ചാൽ ടീമിന് അത് വലിയ മുതൽക്കൂട്ടാവും എന്നാണ് മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്. റൈറ്റ് ബാക്ക് സ്ഥാനത്ത് സെർജി റോബർട്ടോയും പരിക്കിൽ ആയതോടെ ടീമിന് പലപ്പോഴും ബെല്ലാരിനെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ അത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിനും ആയിരുന്നില്ല.