ഇന്നലെ ചെൽസിയെ തോൽപ്പിച്ച് കൊണ്ട് ബാഴ്സലോണ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു. ബാഴ്സലോണ വനിതാ ടീമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്. ഈ നേട്ടത്തോടെ വനിതാ ചാമ്പ്യൻസ് ലീഗും പുരുഷ ചാമ്പ്യൻസ് ലീഗും നേടുന്ന ആദ്യത്തെ ക്ലബായി ബാഴ്സലോണ മാറി. ബാഴ്സലോണ പുരുഷ ടീം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. 2014-15 സീസണിലായിരുന്നു ബാഴ്സലോണ പുരുഷ ടീം അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
ഇന്നലെ 4-0ന് ആണ് ഫൈനലിൽ ബാഴ്സലോണ ചെൽസിയെ തോൽപ്പിച്ചത്. ഇന്നലെ ഉൾപ്പെടെ 20 വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ ഇതുവരെ നടന്നു എങ്കിലും യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ വനിതാ ടീമുകൾക്ക് കിരീടം നേടാൻ ആയിരുന്നില്ല. ആഴ്സണലും ലിയോണും ഫ്രാങ്ക്ഫർടും വോൾവ്സ്ബർഗും ഒക്കെ വനിതാ കിരീടം നേടിയിട്ടുണ്ട് എങ്കിലും അവർക്ക് ഒന്നും പുരുഷ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ആയിട്ടില്ല. ഇന്നലത്തെ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ സ്പാനിഷ് വനിതാ ക്ലബായും ബാഴ്സലോണ മാറി.