സൂപ്പർ കോപ്പ ഡേ എസ്പാന ഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുക്കി കൊണ്ട് ബാഴ്സലോണ ഫൈനലിൽ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വലൻസിയയെ വീഴ്ത്തി റയൽ മാഡ്രിഡ് നേരത്തെ ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. മുഴുവൻ സമയത്ത് ഓരോ ഗോൾ വീതമടിച്ചു സമനില പാലിച്ച ബാഴ്‌സക്കും ബെറ്റിസിനും എക്സ്ട്രാ ടൈമിലും സമനില പൂട്ടി പൊട്ടിക്കാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. മത്സരം മുഴുവൻ അപാരമായ ഫോമിൽ കളിച്ച ടെർ സ്റ്റഗൻ ഷോട്ട് ഔട്ടിലും മികവ് പുറത്തെടുത്തു രണ്ടു ഷോട്ടുകൾ തടുത്തതാണ് ബാഴ്‌സക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ബാഴ്‌സക്ക് വേണ്ടി കിക്ക് എടുത്ത എല്ലാവരും ലക്ഷ്യം കണ്ടു.
ഇരു ടീമുകളുടെയും നിരന്തരം ആക്രമണം കണ്ട ആദ്യ പകുതി ആവേഷകരയിരുന്നു. തുടക്കത്തിൽ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തിയ ബാഴ്‌സ വലിയ മുൻതൂക്കം നേടി. ലെവെന്റോവ്സ്കിക്ക് ലഭിച്ച അർധാവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. പിന്നീട് പതിയെ ബെറ്റിസ് അക്രമങ്ങൾ മേനഞ്ഞെടുക്കാൻ തുടങ്ങി. ഇതോടെ ബാഴ്‌സ പ്രതിരോധം പലപ്പോഴും വിറച്ചു. റാഫിഞ്ഞയുടെ ക്രോസിൽ കാല് വെച്ചു പെഡ്രി ഗോൾ നേടിയെങ്കിലും മുന്നേറ്റത്തിനിടയിൽ റഫറി ഓഫ്‌സൈഡ് വിധിച്ചു. കുണ്ടെയുടെ മിസ് പാസ് പിടിച്ചെടുത്തു നബീൽ ഫെകിർ കുതിച്ചെങ്കിലും ബോക്സിൽ വെച്ചു ആരാഹുവോ അപകടം ഒഴിവാക്കി. പസെല്ലയുടെ ഹെഡർ ടെർ സ്റ്റഗൻ രക്ഷിച്ചെടുത്തു. നാൽപതാം മിനിറ്റിൽ ആണ് ബാഴ്‌സലോണയുടെ ഗോൾ എത്തിയത്. പെഡ്രിയുടെ ലോങ് ബോൾ പിടിച്ചെടുത്തു ഇടത് വിങ്ങിലൂടെ ഓടിക്കയറിയ ഡെമ്പലെ ബോസ്‌കിനുള്ളിലേക്ക് ലെവെന്റോവ്സ്കിക്ക് ബോൾ കൈമാറിയപ്പോൾ താരം വലകുലുക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ടെർ സ്റ്റഗൻ രക്ഷക വേഷം അണിഞ്ഞത് കൊണ്ട് മാത്രം ബാഴ്‌സലോണ സമനില ഗോൾ വഴങ്ങിയില്ല. റോഡ്രിയുടേയും ലൂയിസ് എൻറിക്വയുടെയും തുടർച്ചയായ ഷോട്ടുകൾ ജർമൻ താരം അത്ഭുതകരമായി സേവ് ചെയ്തു.
രണ്ടാം പകുതിയിലും ഇരു ടീമുകളും മുന്നേറ്റങ്ങൾ മെനഞ്ഞെടുത്തു. ഡെമ്പലേയും ഡി യോങ്ങും ബെഞ്ചിലേക്ക് മടങ്ങിയതോടെ ബാഴ്‌സയുടെ താളം തെറ്റി. എഴുപതിയാറാം മിനിറ്റിൽ സമനില ഗോൾ എത്തി. ബോസ്‌കിനുള്ളിൽ നിന്നും നബീൽ ഫെകിർ പാസ് സ്വീകരിക്കുമ്പോൾ മാർക്ക് ചെയ്യാൻ ആരും എത്തിയിരുന്നില്ല. താരം അനായാസം പന്ത് വലയിൽ എത്തിച്ചു. പിന്നീട് ലെവെന്റോവ്സ്കി ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. ഇഞ്ചുറി ടൈമിൽ ആൻസു ഫാറ്റിക്ക് ലഭിച്ച സുവർണാവസരവും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ മികച്ചൊരു ഫിനിഷിങിലൂടെ ആൻസു ഫാറ്റി വീണ്ടും ബാഴ്‌സക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മൊറോൻ ഗർഷ്യ വീണ്ടും ബെറ്റിസിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു.