ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എതിരെ തിരിഞ്ഞ് ഇന്റർ കോണ്ടിനെന്റൽ ടൂർണമെന്റിന്റെ സംഘാടകർ. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആരാധക കൂട്ടമായ ബ്ലൂ പിലിഗ്രിംസ് വെച്ച ഒരു ബാന്നർ ആണ് പ്രശ്നമായിരിക്കുന്നത്. ഇന്ത്യയും കൊറിയയും തമ്മിലുള്ള മത്സരത്തിനിടെ ഫുട്ബോൾ അല്ല പണമാണ് ഇവിടെ കാര്യം എന്ന അർഥത്ഥം വരുന്ന ബാന്നർ ബ്ലൂ പിലിഗ്രിംസ് ഗാലറിയിൽ ഉയർത്തിയിരുന്നു.
ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ കാണുന്ന പണാധിപത്യത്തിനെതിരെ ഉള്ള പ്രതിഷേധമായിരുന്നു ഇത്. റിലയൻസിന്റെ ഫുട്ബോളിലെ ഇടപടലുകൾ ഇന്ത്യൻ ഫുട്ബോളിന്റെ ആകെ താളം തെറ്റിക്കുന്ന സമയത്താണ് ഇത്തരമൊരു ബാന്നറുമായി ഇന്ത്യൻ ഫുട്ബോൾ ആരാധക കൂട്ടായ്മ രംഗത്ത് വന്നത്. എന്നാൽ ഈ ബാന്നർ വെച്ചത് എ ഐ എഫ് എഫിനെ രോഷാകുലരാക്കി.
ബാന്നർ നീക്കം ചെയ്യാനും ബാന്നർ വെച്ച് ആരാധകരെ കയ്യേറ്റം ചെയ്യാനും സംഘാടകർ ശ്രമിച്ചു. ഈ ബാന്നർ വെച്ച ആരാധകരെ എന്നേക്കുമായി സ്റ്റേഡിയത്തിൽ നിന്ന് വിലക്കുമെന്ന ഭീഷണി മുഴക്കിയ സംഘാടകർ ആരാധകരുടെ ഫോണുകൾ തകർക്കാനും ശ്രമിച്ചു. ഫുട്ബോളിലെ ഏറ്റവും ലളിതമായ രീതിയാണ് ബാന്നറുകൾ വെച്ചുള്ള പ്രതിഷേധങ്ങൾ. അതുവരെ അനുവദിക്കാത്ത അവസ്ഥയാണൊ ഇന്ത്യൻ ഫുട്ബോളിൽ ഉള്ളത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.