ദക്ഷിണ കൊറിയൻ ഡിഫൻഡർ ജാങ് ഹ്യുൻ സൂവിന് അന്താരാഷ്ട്ര ഫുട്ബോളിൽ ആജീവനാന്ത വിലക്ക്. വ്യാജ രേഖകൾ സമർപ്പിച്ച് ഫുട്ബോൾ അസോസിയേഷനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതിനാണ് ജാങിനെ വിലക്കിയിരിക്കുന്നത്. കൊറിയയിൽ ഒരോ പൗരനും നിർബന്ധമായും ഒരു നിശ്ചിത കാലയളവിൽ സൈനിക സേവനത്തിൽ ഏർപ്പെടുകയും ഒപ്പം സാമൂഹിക സേവനം നടത്തേണ്ടതുമായും ഉണ്ട്.
പ്രധാന ടൂർണമെന്റുകളിൽ കിരീടം നേടിയാൽ ഫുട്ബോൾ താരങ്ങൾക്ക് ഇതിൽ ഇളവുണ്ട്. ടോട്ടൻഹാം താരം ഹുങ് മിൻ സുൺ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിക്കൊണ്ട് ഇളവ് നേടിയിരുന്നു. എന്നാൽ ജാങ് ഇതുവരെ കൊറിയൻ ടീമിനൊപ്പം ഏഷ്യൻ കപ്പിലോ ഒളിമ്പിക്സിലോ ഒന്നും സ്വർണ്ണം നേടാത്തതിനാൽ താരത്തിന് പട്ടാള സേവനവും ഒപ്പം സാമൂഹിക സേവനവും നടത്തേണ്ടതുണ്ടായിരുന്നു.
ഇതിൽ സാമൂഹിക സേവനം നടത്തിയതായി വ്യാജ സർട്ടിഫികറ്റുകൾ അവതരിപ്പിച്ചതാണ് താരത്തിന് ആജീവാനന്ത വിലക്ക് കിട്ടാൻ കാരണം. ഇരുപതിനായിരം ഡോളർ പിഴയും താരത്തിന് മേൽ ചുമത്തി. താരം തെറ്റ് സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തു എങ്കിലും 27കാരനായ താരത്തിന് ഇനി കൊറിയക്കായി കളിക്കാൻ കഴിയില്ല. കൊറിയൻ ദേശീയ ടീമിനായി അറുപതോളം മത്സരങ്ങൾ ജാങ് കളിച്ചിട്ടുണ്ട്.