മാഞ്ചസ്റ്റർ സിറ്റി താരങ്ങളിൽ ഒരാൾ പോലും ഫിഫാ ബെസ്റ്റ് നോമിനേഷനിൽ എത്തിയില്ല എന്നതിൽ വിമർശനവുമായി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. ഫിഫ ബെസ്റ്റിനായുള്ള പത്ത് പേരുടെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഒരു സിറ്റി താരം പോലും ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ബെർണാഡോ സിൽവ,സ്റ്റെർലിംഗ് എന്നിവരൊക്കെ തഴയപ്പെട്ടു. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിൽ മൂന്ന് കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു.
തന്റെ താരങ്ങൾ ഇനിയും എന്താണ് ചെയ്യേണ്ടത് എന്ന് ഗ്വാർഡിയോള ചോദിക്കുന്നു. 250 പോയന്റും ആറു കിരീടങ്ങളും നേടിയാൽ എങ്കിലും ഇത്തരം അവാർഡുകൾക്ക് തന്റെ താരങ്ങളെ പരിഗണിക്കുമായിരിക്കും എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. ബെർണാഡോ സില്വയേക്കാൾ നല്ല ഒരു സീസൺ കഴിഞ്ഞ സീസണിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും ഗ്വാർഡിയോള ചോദിച്ചു. സിറ്റിക്ക് ഒപ്പം മാത്രമല്ല പോർച്ചുഗലിനൊപ്പവും ബെർണാഡോ കിരീടം നേടിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിക്ക് എപ്പോഴും അവാർഡുകളിൽ അവഗണന ലഭിക്കാറുണ്ട് എന്നും ഗ്വാർഡിയോള പറഞ്ഞു. നാലു തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടും ഒരിക്കൽ പോലും പി എഫ് എ പ്ലയർ അവാർഡ് സിറ്റി താരത്തിന് കിട്ടിയില്ല എന്നതും ഗ്വാർഡിയോള ഓർമ്മിപ്പിച്ചു.