ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം ബാഴ്സലോണ താരം ലയണൽ മെസ്സിക്ക് ആണെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ഫുട്ബോളിലെ ഏറ്റവു മികച്ച അവാർഡിനായി 30പേരാണ് നോമിനേഷനിൽ ഉള്ളത്. അടുത്ത തിങ്കളാഴ്ച ആണ് അവാർഡ് ശരിക്കും പ്രഖ്യാപിക്കേണ്ടത്. എന്നാൽ വോട്ടെടുപ്പ് നേരത്തെ തന്നെ അവസാനിച്ചിരുന്നു.
ഫ്രഞ്ച് മാധ്യമങ്ങളാണ് വോട്ടിങിൽ മെസ്സിയാണ് ഒന്നാമത് എത്തിയത് എന്ന് റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയാണ് വിജയിച്ചത് എന്നതിനാൽ ഫ്രാൻസ് ഫുട്ബോൾ അധികൃതർ ബാഴ്സലോണയിൽ എത്തിയതായും മെസ്സിയുടെ ചിത്രങ്ങളും അഭിമുഖവും എടുത്തെന്നും വിവരങ്ങൾ ലഭിക്കുന്നു. വാൻ ഡൈക്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മെസ്സിക്ക് പ്രധാന വെല്ലുവിളിയായി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. എന്നാൽ നേരത്തെ ഫിഫ ബെസ്റ്റ് വിജയിച്ച മെസ്സി തന്നെയാകും ബാലൻ ഡി ഓറും നേടുക എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു. മെസ്സി ഇത്തവണ ജേതാവ് ആവുകയാണെങ്കിൽ അത് മെസ്സിയുടെ ആറാമത്തെ ബാലൻ ഡി ഓർ ആകും. ലോകത്ത് ഇതുവരെ ആരും 6 തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടില്ല.