ഏഷ്യാ കപ്പിലെ ആദ്യ മത്സരം ബഹ്റൈനു മാത്രം സ്വന്തമായേനെ. റഫറി ചതിച്ചില്ലായിരുന്നു എങ്കിൽ. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു എ ഇയെ നേരിട്ട ബഹ്റൈൻ ആതിഥേയരെ വിറപ്പിച്ചു എന്ന് തന്നെ പറയാം. ഒരു ഗോളിന് മുന്നിൽ നിന്ന് വിജയം ഉറപ്പിക്കുമായിരുന്ന ബഹ്റൈനെ തളർത്തിയത് റഫറിയുടെ ഒരു തെറ്റായ തീരുമാനം ആയിരുന്നു.
78ആം മിനുട്ടിൽ അലി മദാന്റെ ക്രോസിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് അൽ റൊഹൈമി ബഹ്റൈനെ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ 88ആം മിനുട്ടിൽ റഫറി ഒരു സോഫ്റ്റ് പെനാൾട്ടി നൽകി യു എ ഇയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഹാൻഡ് ബോളിനാണ് പെനാൾട്ടി നൽകിയത്. ഡെലിബറേറ്റ് ഹാൻഡ് ബോൾ അല്ല അതെന്ന് റീപ്ലേകളിൽ വ്യക്തമാണ്.
അഹ്മദ് ഖലീൽ ആ പെനാൾട്ടിയിലൂടെ യു എ ഇക്ക് അർഹിക്കാത്ത സമനില നേടിക്കൊടുത്തു. ഗ്രൂപ്പ് എയുലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെട്ട യു എ ഇ ഇന്ന് ദയനീയ പ്രകടനമാണ് കളിയിൽ ഉടനീളം കാഴ്ചവെച്ചത്.