ഇന്ന് തായ്ലാന്റ് ടീമിന്റെ ഇന്ത്യ നേരിടാനുള്ള ഒരുക്കങ്ങളെ ഒക്കെ തകിടം മറിച്ചത് യുവ മലയാളി താരമായ ആഷിഖ് കുരുണിയന്റെ സാന്നിദ്ധ്യമായിരുന്നു. ആദ്യ പകുതിയിൽ ഇന്ത്യയെ അത്യാവശ്യം പിടിച്ചു നിർത്താൻ തായ്‌ലാന്റ് ടീമിന് ആയെങ്കിലും ആഷിഖ് അവർക്ക് തുടക്കം മുതൽ കല്ലുകടിയായി. ഇന്ത്യയുടെ ആദ്യ അറ്റാക്ക് അഞ്ചാം മിനുട്ടിൽ വന്നത് മുതൽ ആഷിഖ് ആയിരുന്നു എതിരാളികളുടെ പ്രധാന പ്രശ്നം.
ആഷിഖിനെ കോൺസ്റ്റന്റൈൻ ആദ്യ ഇലവനിൽ ഇറക്കിയത് ഇന്ത്യൻ ആരാധകർക്ക് വരെ ഒരു സർപ്രൈസ് ആയിരുന്നു. പതിവായി 2 ഡിഫൻസീവ് മിഡ്ഫീൽഡറെയാണ് കോൺസ്റ്റന്റൈൻ ഇറക്കാറുള്ളത്. എന്നാൽ ഇന്ന് ആ പതിവ് അദ്ദേഹം മാറ്റി. പ്രണോയ് മാത്രമായിരുന്നു ഡിഫൻസീവ് മിഡായി ഇന്ന് ഉണ്ടായിരുന്നു. രണ്ടാമത്തെ ഡിഫൻസീവ് മിഡിന് പകരം ആഷിഖിനെ ഛേത്രിക്ക് പിറകിൽ ഫ്രീ റോളിൽ ഇറക്കുകയാണ് ഇന്ത്യൻ പരിശീലകൻ ചെയ്തത്.
ഈ തീരുമാനം തായ്ലാന്റ് കണക്ക് കൂട്ടിയതിൽ ഇല്ലാത്തത് ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ടാക്ടിക്സിനെ പിടിക്കാൻ അവർ കഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യ നേടിയ ആദ്യ രണ്ടു ഗോളിലും ആഷിഖിന്റെ പങ്ക് ഉണ്ടായിരുന്നു. ആദ്യ ഗോളിൽ പെനാൾട്ടി നേടുകയും. രണ്ടാമത്തെ ഗോളിൽ ഛേത്രിക്ക് ഒരു ബാക്ക് ഫ്ലിക്ക് പാസ് കൊടുക്കുകയും ചെയ്തത് ആഷിഖ് ആയിരുന്നു.
ഇടതു വിങ്ങിലും വലതു വിങ്ങിലും ബോക്സിലും എല്ലാം ആയി ആഷിഖ് നിറഞ്ഞു കളിച്ചു. പന്ത് കിട്ടിയപ്പോൾ ഒരിക്കൽ പോലും ഭയത്തോടെ നിന്നില്ല എന്നതും ആഷിഖിന്റെ പ്രത്യേകത ആയിരുന്നു. പരിശീലിപ്പിച്ച എല്ലാ പരിശീലകരും ആഷിഖിനെ പുകഴ്ത്തുന്നത് വെറുതെ അല്ല എന്ന് കൂടി ഈ വലിയ സ്റ്റേജ് തെളിയിച്ചു.