എ എഫ് സി കപ്പിലെ നിർണായക പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ രക്ഷകനായി മലയാളി താരം മുഹമ്മദ് റാഫി. ഇന്ന് മിനേർവ പഞ്ചാബിനെതിരായ മത്സരത്തിൽ പരാജയത്തിലേക്ക് പോവുകയായിരുന്ന ചെന്നൈയിനെ 90ആം മിനുട്ടിലെ ഗോളിലൂടെ ആണ് റാഫി രക്ഷിച്ചത്. മത്സരത്തിൽ 1-0ന് ചെന്നൈയിൻ പിറകിൽ നിൽക്കുമ്പോൾ ഇറങ്ങിയ റാഫി അവസാന നിമിഷത്തിൽ ഗോളടിച്ച് സമനില നേടിക്കൊടുക്കുകയായിരുന്നു.
റാഫിയുടെ കരിയറിലെ ആദ്യ എ എഫ് സി കപ്പ് ഗോളാണിത്. ഈ ഗോളോടെ എ എഫ് സി കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായും റാഫി മാറി. ഗ്രൂപ്പിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും മിനേർവയും ചെന്നൈയിനും സമനിലയിൽ തന്നെയായിരുന്നു പിരിഞ്ഞത്. ഗ്രൂപ്പിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങിയിരിക്കുകയാണ് എന്ന കൗതുകവും ഇന്നത്തെ ഫലത്തിൽ ഉണ്ട്. അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി ചെന്നൈയിൻ ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുള്ളത്. അഞ്ച മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റു മാത്രമുള്ള മിനേർവയുടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ഇന്നത്തെ ഫലത്തോടെ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.