എ എഫ് സി കപ്പിൽ ശ്രേയസിന് വീണ്ടും ഗോൾ, മിനേർവയ്ക്ക് വീണ്ടും സമനില

എ എഫ് സി കപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായി മിനേർവ പഞ്ചാബ് ഇനിയും കത്ത് നിൽക്കണം. ഗ്രൂപ്പിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങി. ഇന്ന് മാനങ് മർഷ്യാങ്ഡി ക്ലബാണ് മിനേർവയെ സമനിലയിൽ പിടിച്ചത്. ഒഡീഷയിൽ നടന്ന മത്സരം 2-2 എന്ന നിലയിൽ ആണ് അവസാനിച്ചത്. മത്സരത്തിൽ രണ്ട് തവണ ലീഡ് എടുത്ത ശേഷമാണ് മിനേർവ പഞ്ചാബ് വിജയം കളഞ്ഞത്.

മലയാളി താരമായ ശ്രേയസ്സ് ഇന്ന് വീണ്ടും മിനേർവയ്ക്കായി ഗോൾ നേടി. ശ്രേയസ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മിനേർവയ്ക്കായി ഗോൾ നേടുന്നത്. ശ്രേയസിനെ കൂടാതെ കരീമും ഇന്ന് മിനേർവയ്ക്കായി ഗോൾ നേടി. അർഷ്ദീപ് ഒരു പെനാൾട്ടി സേവ് ചെയ്തില്ലായിരുന്നു എങ്കിൽ മിനേർവയ്ക്ക് ഇതിലും മോശം ഫലം നേരിടേണ്ടി വന്നേനെ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റു മാത്രമുള്ള മിനേർവ മൂന്നാമത് ആണ് ഇപ്പോൾ ഉള്ളത്.