വില്യംസിന് ഹാട്രിക്ക്, എ എഫ് സി കപ്പിൽ മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക്

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം പ്ലേ ഓഫ് മത്സരവും കഴിഞ്ഞ് എ ടി കെ മോഹൻ ബഗാന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. ഇന്ന് ബംഗ്ലാദേശ് ക്ലബായ അബാനി ധാക്കയെ തോൽപ്പിച്ച് കൊണ്ടാണ് മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നത്‌. ഡേവിഡ് വില്യംസ് ഇന്ന് ബഗാനായി ഹാട്രിക്ക് നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം

ആദ്യ 30 മിനുട്ടിൽ തന്നെ ഡേവിഡ് വില്യംസ് രണ്ട് ഗോളുകൾ നേടി 2-0ന്റെ ലീഡിൽ എത്തിച്ചു. ആറാം മിനുട്ടിലും 30ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. രണ്ടാം പകുതിയിൽ അബാനി തിരിച്ചടിച്ചു. 61ആം മിനുട്ടിൽ കോളിൻഡ്രൈസിലൂടെ അവർ ഒരു ഗോൾ മടക്കി. 85ആം മിനുട്ടിലെ വില്യംസിന്റെ ഗോൾ ബഗാന്റെ ജയം ഉറപ്പിച്ചു.

കഴിഞ്ഞ റൗണ്ടിൽ ബഗാൻ ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബസുന്ധര കിങ്സ്, മസിയ ക്ലബ്, ഗോകുലം കേരള എന്നിവർക്ക് ഒപ്പമാകും മോഹൻ ബഗാൻ

പൊരുതി നോക്കി എങ്കിലും മുംബൈ സിറ്റിക്ക് പരാജയം

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് പരാജയം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അബുദാബി ക്ലബായ അൽ ജസീറയെ നേരിട്ട മുംബൈ സിറ്റി ഏക ഗോളിന്റെ പരാജയം ആണ് ഏറ്റു വാങ്ങിയത്. തുടക്കത്തിൽ അൽ ജസീറ ആണ് അറ്റാക്കുകൾ നടത്തിയത്‌. 30ആം മിനുട്ടിലാണ് മുംബൈ സിറ്റിയുടെ ആദ്യ നല്ല അറ്റാക്ക് പിറന്നത്. അഹ്മദ് ജാഹുവിന്റെ പാസ് സ്വീകരിച്ച് രാഹുൽ ബെഹ്കെ തൊടുത്ത സ്ട്രൈക്ക് ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്.20220415 002059

39ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് അൽ ജസീറ ഗോൾ നേടിയത്. അലി മക്ബൂത് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കൂടുതൽ ആക്രമിച്ചു കളിച്ചു. 60ആം മിനുട്ടിൽ ഫാളിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. 86ആം മിനുട്ടിൽ രാഹുൽ ബെഹ്കെയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിയും മടങ്ങി.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മുംബൈ സിറ്റിക്ക് 3 പോയിന്റാണ് ഉള്ളത്.

മുംബൈ സിറ്റി ഇന്ന് ചാമ്പ്യൻസ് ലീഗിൽ അൽ ജസീറക്ക് എതിരെ

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് രാത്രി കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അൽ ജസീറയെ നേരിടും. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഒരു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം വിജയിക്കുന്നു എന്ന റെക്കോർഡ് ഇട്ടാണ് മുംബൈ സിറ്റി ഈ മത്സരത്തിന് എത്തുന്നത്. ഇന്ന് രാത്രി 10:45ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

ചാമ്പ്യൻസ് ലീഗിൽ സൗദി അറേബ്യയുടെ അൽ ഷബാബിനോട് 3-0 തോൽവി ഏറ്റുവാങ്ങി ആയിരുന്നു മുംബൈ സിറ്റി തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇറാക്കിലെ എയർ ഫോഴ്സ് ക്ലബിനെ തോൽപ്പിച്ച് കൊണ്ട് മുംബൈ സിറ്റി ഏവരെയും ഞെട്ടിച്ചു. 2-1 എന്ന സ്കോറിനായിരുന്നു വിജയം.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജാസിറ ക്ലബ് ആണ് ഇന്ന് മുംബൈയുടെ എതിരാളികൾ. അവർ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.

എ എഫ് സി കപ്പ്; മോഹൻ ബഗാന് അഞ്ചു ഗോൾ വിജയം

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിൽ എ ടി കെ മോഹൻ ബഗാന് വൻ വിജയം. ഇന്ന് ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാർസിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മോഹൻ ബഗാനോട് ഒന്ന് പൊരുതി നിൽക്കാൻ പോലും ശ്രീലങ്കൻ ടീമിനായില്ല. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ആദ്യ പകുതിയിൽ കൗകോ ഇരട്ട ഗോളുകൾ നേടുന്നത് ഇന്ന് കാണാൻ ആയി. 24ആം മിനുട്ടിലിം 39ആം മിനുട്ടിലുമായിരുന്നു കൗകോയുടെ ഗോളുകൾ. താരത്തിന്റെ രണ്ടാം ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. യുവതാരം മന്വീർ സിങും ഇന്ന് രണ്ട് ഗോളുകൾ നേടി. 29ആം മിനുട്ടിലും 89ആം മിനുട്ടിലുമായിരുന്നു മന്വീർ സിങിന്റെ ഗോളുകൾ. ഡേവിഡ് വില്യംസും ഇന്ന് ഗോൾ നേടി.

ഇനി പ്ലേ ഓഫിൽ ഏപ്രിൽ 19ന് ബംഗ്ലാദേശ് ക്ലബായ ധാക്ക അബാനിയെ മോഹൻ ബഗാൻ നേരിടും.

ചരിത്രം പിറന്നു!! ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വിജയം

ഇന്ത്യൻ ഫുട്ബോൾ ക്ലബുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ക്ലബ് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം വിജയിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു മുംബൈ സിറ്റിയുടെ വിജയം.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഹമദി അഹ്മദിലൂടെയാണ് എയർ ഫോഴ്സ് ക്ലബ് ലീഡ് എടുത്തത്. ഇതിനു പിന്നാലെ ഉണർന്നു കളിച്ച മുംബൈ സിറ്റി 70ആം മിനുട്ടിൽ ഡിയേഗോ മൊറീസിയോയിലൂടെ സമനില നേടി. മൊറിസിയോ നേടിയ പെനാൾട്ടി അവൻ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ 75ആം മിനുട്ടിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് മുംബൈ സിറ്റി ലീഡും നേടി. അഹ്മദ് ജാഹു എടുത്ത ക്രോസ് രാഹുൽ ബെഹ്കെ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഒരു ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ ഇതോടെ മാറി. മുംബൈ സിറ്റി 2-1. എയർ ഫോഴ്സ് ക്ലബ്. ഇതിനു ശേഷം സമർത്ഥമായി കളിച്ച മുംബൈ സിറ്റി അഭിമാന വിജയം സ്വന്തമാക്കുകയും ചെയ്തു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി അൽ ശബാബിനോട് പരാജയപ്പെട്ടിരുന്നു.

എ എഫ് സി കപ്പ് പ്ലേ ഓഫിൽ സന്ദേശ് ജിങ്കൻ കളിക്കില്ല

എ എഫ് സി കപ്പ് പ്ലേ ഓഫിൽ സന്ദേശ് ജിങ്കൻ മോഹൻ ബഗാനൊപ്പം ഉണ്ടാകില്ല. താരത്തിന് പരിക്ക് ആയതിനാൽ താരം പ്ലേ ഓഫിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാറിന് എതിരെയാണ് മത്സരം. ഏപ്രിൽ 12നാണ് മത്സരം നടക്കേണ്ടത്. ജിങ്കന് ഗ്രൂപ്പ് ഘട്ടത്തിൽ എത്തുക ആണെങ്കിൽ അത് മുതൽ ടീമിനൊപ്പം ഉണ്ടാകുമായിരിക്കും. ഈ സീസണിൽ ജിങ്കന് പരിക്ക് സ്ഥിരം പ്രശ്നമായിരുന്നു. ക്രൊയേഷ്യയിൽ കളിക്കാൻ പോയ ജിങ്കൻ പരിക്ക് കാരണം ആയിരുന്നു കരാർ റദ്ദാക്കി തിരികെ ഇന്ത്യയിലേക്ക് വന്ന് മോഹൻ ബഗാനിൽ വീണ്ടും ചേർന്നത്.

മുംബൈ സിറ്റിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗിലെ രണ്ടാം അങ്കം

എഎഫ്‌സി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് ഇറാഖ് ടീമായ എയർഫോഴ്‌സ് ക്ലബ്ബിനെ നേരിടും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 10.45ന് ആരംഭിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി അൽ ശബാബിന്റെ കയ്യിൽ നിന്ന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു.

എയർ ഫോഴ്സ് ക്ലബും മുംബൈ സിറ്റിക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തും. ഏഴ് തവണ ഇറാഖി പ്രീമിയർ ലീഗ് നേടിയിട്ടുള്ള ക്ലബാണ് എയർ ഫോഴ്സ് ക്ലബ്. മൂന്ന് തവണ അവർ എ എഫ് സി കപ്പും നേടിയിട്ടുണ്ട്. 2016ൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ആയിരുന്നു എയർ ഫോഴ്സ് ക്ലബ് എ എഫ് സി കപ്പ് നേടിയത്.

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം എന്ന ചരിത്ര നേട്ടമായിരിക്കും മുംബൈ സിറ്റിയുടെ ഇന്നത്തെ ലക്ഷ്യം.

മുംബൈ സിറ്റിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന മുംബൈ സിറ്റി ഇന്ന് സൗദി അറേബ്യൻ ക്ലബായ അൽ ഷബാബിനെ നേരിടും. സൗദി അറേബ്യയിലെ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഏപ്രിൽ 8 വെള്ളിയാഴ്ച രാത്രി 10.45നാകും മത്സരം. ഐ എസ് എല്ലിലെ നിരാശ മറക്കാൻ പറ്റുന്ന ഒരു പ്രകടനം ആകും മുംബൈ സിറ്റി ഇന്ന് ലക്ഷ്യമിടുന്നത്.

മാർച്ച് പകുതി മുതൽ അബുദാബിയിൽ പരിശീലനത്തിൽ ആയിരുന്ന മുംബൈ സിറ്റി പൂർണ്ണ സജ്ജരാണ്. അവർക്ക് ഒപ്പം മധ്യനിര താരം പരിശീലകൻ റൗളീംഗ് ബോർജസ് ഉണ്ടെങ്കിലും താരം കളിക്കില്ല എന്ന് മുംബൈ പരിശീലകൻ അറിയിച്ചിട്ടുണ്ട്.

ഒരുക്കങ്ങളുടെ ഭാഗമായി യുഎഇയിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ മുംബൈ സിറ്റി,ൽ അൽ ഐൻ എഫ്‌സിയെയും അൽ ഹിലാൽ യുണൈറ്റഡൽഡിനെയും പരാജയപ്പെടുത്തിയിരുന്നു‌. ഇന്നത്തെ മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

“എ എഫ് സി‌ കപ്പിൽ എല്ലാ കളികളും വിജയിക്കുക തന്നെയാണ് ഗോകുലത്തിന്റെ ലക്‌ഷ്യം,” ഹെഡ് കോച്ച് വിൻസെൻസോ

കോഴിക്കോട്, ജനുവരി 17: ഗോകുലം കേരള എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി യിൽ.

ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ദര കിങ്‌സ്, മാലി ദ്വീപ് ചാമ്പ്യന്മാരായ മാസിയ, പ്ലേ ഓഫ് വിന്നേഴ്സ് അടങ്ങിയ ഗ്രൂപ്പിലാണ് ഗോകുലം കളിക്കുന്നത്.

ആദ്യത്തെ പ്രാവശ്യമാണ് ഒരു കേരള ടീമ് എ എഫ് സി കളിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഗോകുലത്തിന്റെ വനിതാ ടീമ് എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരിന്നു. കളികളുടെ തീയതികളും, മത്സരവേദിയും ഉടനെ തീരുമാനിക്കും.

“എ എഫ്‌സി സ്ഥിരം കളിക്കുന്ന ക്ലബ്ബുകളാണ് മാസിയ, ബസുന്ദര കിങ്‌സ്. അത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഗ്രൂപ്പാണ്. പക്ഷെ എല്ലാ കളികളും വിജയിക്കുക തന്നെയാണ് ഗോകുലത്തിന്റെ ലക്‌ഷ്യം,” ഗോകുലത്തിന്റെ ഹെഡ് കോച്ച് വിൻസെൻസോ പറഞ്ഞു.

“എ എഫ് സി പങ്കെടുക്കുന്നത് ഗോകുലത്തിന്റെ ചരിത്ര പ്രധാന നേട്ടമാണ്. വിജയത്തോടെ മടങ്ങി വരുവാൻ ആയിരിക്കും ഞങ്ങൾ ശ്രമിക്കുക,” ഗോകുലം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

ഗോകുലം കേരളയ്ക്ക് ഒപ്പം എ എഫ് സി കപ്പിൽ ഇവർ, ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞു

അടുത്ത സീസണിലെ എ എഫ് സി കപ്പിന് ഇറങ്ങുന്ന ഗോകുലം കേരളയുടെ ഗ്രൂപ്പ് ഘട്ടം തീരുമാനം ആയി. ഗ്രൂപ്പ് ഡിയിൽ ഗോകുലം കേരളക്ക് ഒപ്പം ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സ്, മാൽഡീവ്സ് ക്ലബായ മസിയ സ്പോർട്സ് പിന്നെ പ്ലേ ഓഫ് വിജയിച്ച് വരുന്ന ഒരു ടീം എന്നിവരാകും ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്താൽ ഇന്റർ സോൺ സെമി ഫൈനലിന് യോഗ്യത ലഭിക്കും.

ഒരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരോ നഗരത്തിൽ നടത്തുന്ന രീതിയിലാകും അടുത്ത വർഷത്തെ ടൂർണമെന്റും നടക്കുക. ഒറ്റ പാദമായി മാത്രമാകും കൊറോണ കാരണം ഇത്തവണ ഗ്രൂപ്പ് ഘട്ടം നടത്തുക. ഐ ലീഗ് വിജയിച്ച് ആണ് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഗോകുലം യോഗ്യത നേടിയത്. ഗോകുലം കേരളയുടെ മത്സരങ്ങൾ മെയ് 18 മുതൽ മെയ് 24വരെയാകും നടക്കുക. എ എഫ് സി കപ്പിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ എ ടി കെ മോഹൻ ബഗാൻ അവരുടെ പ്ലേ ഓഫ് മത്സരം ഏപ്രിൽ 19നും കളിക്കും.

ഗ്രൂപ്പ് ചാമ്പ്യന്മാരായി മോഹൻ ബഗാൻ എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ

എ എഫ് സി കപ്പിൽ എ ടി കെ മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബസുന്ധര കിങ്സിനെ സമനിലയിൽ തളച്ചതോടെയാണ് മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇതോടെ ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിനും മോഹൻ ബഗാൻ യോഗ്യത നേടി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം പൊരുതി 1-1 എന്ന സ്കോറിൽ കളി അവസാനിപ്പിക്കാൻ മോഹൻ ബഗാനായി.

ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ആണ് ബസുന്ധര കിങ്സ് ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ഡേവിഡ് വില്യംസിലൂടെ മോഹൻ ബഗാൻ സമനില പിടിച്ചു. ലിസ്റ്റൺ കൊളാസോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡേവിഡ് വില്യംസിന്റെ ഗോൾ. ഈ സമനിലയോടെ ഗ്രൂപ്പ് ഘട്ടം 7 പോയിന്റുമായി ഒന്നാമത് അവസാനിപ്പിക്കാൻ ബഗാനായി. ബസുന്ധര കിംഗ്സ് 5 പോയിന്റുമായി രണ്ടാമത് എത്തി. മോഹൻ ബഗാൻ ആദ്യ മത്സരങ്ങളിൽ ബെംഗളൂരു എഫ് സിയെയും മാസിയയെയും പരാജയപ്പെടുത്തിയിരുന്നു.

ഇനി ഇന്റർ സോൺ സെമി പ്ലേ ഓഫിൽ ഉസ്ബെക്കിസ്ഥാൻ ടീമായ എഫ് സി നസാഫോ തുർക്ക്മെനിസ്താൻ ടീമായ അഹലോ ആകും മോഹൻ ബഗാന്റെ എതിരാളികൾ.

എ എഫ് സി കപ്പ്, മോഹൻ ബഗാന്റെ മത്സരങ്ങൾ മാൽഡീവ്സിൽ

എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടത്താനുള്ള വേദി തീരുമാനമായി. ഇന്ത്യൻ ക്ലബായ മോഹൻ ബഗാൻ അടങ്ങുന്ന ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾ മാൽഡീവ്സിൽ ആകും നടക്കുക. കൊൽക്കത്ത വേദിയാകാൻ അപേക്ഷിച്ചിരുന്നു എങ്കിലും എ എഫ് സി മാൽഡീവ്സിനാണ് അവസരം നൽകിയത്. മോഹൻ ബഗാൻ, ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സ്, മാൽഡീവ്സ് ക്ലബായ മസിയ സ്പോർട്സ് ഒപ്പം പ്ലേ ഓഫ് ജയിച്ച് എത്തുന്ന ടീമും ആകും ഗ്രൂപ്പ് ഡിയിൽ ഉണ്ടാവുക.

പ്ലെ ഓഫ് ജയിച്ചാൽ ബെംഗളൂരു എഫ് സിയും മോഹൻ ബഗാനൊപ്പം ഈ ഗ്രൂപ്പിൽ എത്തും. ബഹ്റൈൻ, ജോർദാൻ, കിർഗ്സ് റിപ്പബ്ലിക്, താജികിസ്താൻ, സിംഗപ്പൂർ, ഹോങ്കോങ് എന്നീ രാജ്യങ്ങളും വിവിധ ഗ്രൂപ്പുകളുടെ വേദികളാകുന്നുണ്ട്. ഏപ്രിൽ ഏഴു മുതൽ ഈ സീസൺ എ എഫ് സി കപ്പിന്റെ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും.

Exit mobile version