എ എഫ് സി കപ്പ് സെമി, ആദ്യ പാദത്തിൽ ബെംഗളൂരുവിന് തോൽവി

എ എഫ് സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുർക്ക്മെനിസ്താൻ ക്ലബായ ആൽറ്റിൻ അസൈറിനോടാണ് ബെംഗളൂരു പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. ഒരു ഘട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആൽറ്റിൻ അസൈർ മുന്നിലായിരുന്നു.

കളി തുടങ്ങി പതിനൊന്നാം മിനുട്ടിൽ തന്നെ സന്ദർശകർ ബെംഗളൂരുവിന്റെ വലകുലുക്കി. ഒരസഹദോവായിരുന്നു ആൽറ്റിൻ അസൈറി‌ന്റെ ആദ്യ ഗോൾ നേടിയത്. 23ആം മിനുട്ടിൽ അന്നാദുർദ്യേവ് അവരുടെ ലീഡ് ഇരട്ടിയാക്കി‌. രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ടിനുള്ളിൽ വീണ്ടും ബെംഗളൂരു എഫ് സി വല കുലുങ്ങി. ഇതോടെ ബെംഗളൂരുവിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

എന്നിട്ടും ബെംഗളൂരു പൊരുതി‌. രാഹുൽ ബെഹ്കെയും ഓസ്ട്രേലിയൻ താരം എറിക് പാർതാലുവും നേടിയ ഗോളുകൾ ബെംഗളൂരുവിന് പ്രതീക്ഷ തിരികെ നൽകി. കളി 3-2 എന്ന നിലയിൽ അവസാനിച്ചു എങ്കിലും രണ്ടാം പാദത്തിൽ ബെംഗളൂരുവിന് ഇപ്പോൾ നേരിയ പ്രതീക്ഷയുണ്ട്‌. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.

എ എഫ് സി കപ്പ് സെമി നാളെ, രണ്ട് മലയാളികളുമായി ബെംഗളൂരു ഒരുങ്ങുന്നു

എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ നാൾവ് ബെംഗളൂരു എഫ് സി ഇറങ്ങും. സ്പെയിനിലെ പ്രീസീസൺ ടൂറിന് ശേഷമാണ് ബെംഗളൂരു എഫ് സി എത്തുന്നത്. പുതിയ പരിശീലകനായ കാർലസിന്റെ കീഴിലെ ആദ്യ പരീക്ഷണം കൂടിയാകും നാളത്തെ മത്സരം. സെമി ഫൈനലിൽ തുർക്ക്മെനിസ്താൻ ക്ലബായ ആൽറ്റിൻ അസൈറിനെയാണ് ബെംഗളൂരു നേരിടുക. രണ്ട് പാദങ്ങളായി നടക്കുന്ന സെമി ഫൈനലിന്റെ ആദ്യ പാദമാണ് നഎ ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുക. രണ്ടാം പാദം ഓഗസ്റ്റ് 29നാണ്.

ഐസോൾ എഫ് സി അടക്കമുള്ള ഗ്രൂപ്പിൽ നാടകീയമായ അവസാന മാച്ച് ഡേയിലാണ് ന്യൂ റാഡിയന്റിനെ പിന്തള്ളി ബെംഗളൂരു എഫ് സി ഇന്റർസോൺ സെമിക്ക് യോഗ്യത നേടിയിരുന്നത്. ഐസോൾ എഫ് സി ന്യൂ റാഡിയന്റിനെ അവസാന മത്സരത്തിൽ പരാജയപ്പെടുത്തിയത് ബെംഗളൂരു എഫ് സിയുടെ എഫ് സി കപ്പ് മുന്നോട്ടേക്കുള്ള യാത്രയ്ക്ക് സഹായകമാവുകയായിരുന്നു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം റിനോ ആന്റോയും യുവതാരം ലിയോൺ അഗസ്റ്റിനും മലയാളി സാന്നിദ്ധ്യങ്ങളായി ബെംഗളൂരു ടീമിൽ ഉണ്ട്. നാൾവ് രാത്രി 8 മണിക്കാണ് മത്സരം. തത്സമയം എ എഫ് സിയുടെ ഫേസ് ബുക്ക് പേജിൽ മത്സരം കാണാം.

ട്രാൻസ്റ്റേഡിയയിൽ കളിക്കാൻ ഒരുങ്ങി ചെന്നൈയനും മിനേർവയും

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് ഹബിൽ ഒന്നായ ട്രാൻസ്റ്റേഡിയയെ താൽക്കാലിക ഹോം ഗ്രൌണ്ടാക്കാൻ ഒരുങ്ങി ചെന്നൈയിൻ എഫ് സിയും മിനേർവ പഞ്ചാബും. അഹമ്മദാബാദിൽ കഴിഞ്ഞ് വർഷം ഉദ്ഘാടനം ചെയ്ത ട്രാൻസ്റ്റേഡിയയിൽ എ എഫ് സി കപ്പ് മത്സരങ്ങൾ കളിക്കാനാണ് ഇരു ക്ലബുകളും ആലോചിക്കുന്നത്. ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബും ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിനും ഇത്തവണ ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്‌.

എല്ലാ കായിക ഇനങ്ങളും നടത്താൻ സൗകര്യമുള്ള ഹബ്ബാണ് ട്രാൻസ്റ്റേഡിയ. ഈ കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയതും ട്രാൻസ്റ്റേഡിയയിൽ ആയിരുന്നു. ട്രാൻസ്സ്റ്റേഡിയയുടെ പ്രധാന ആകർഷണമായ ഗംഭീര ഫുട്ബോൾ പിച്ചിൽ ആകും മത്സരങ്ങൾ നടക്കുക. 20000ത്തോളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയുള്ള ഫുട്ബോൾ സ്റ്റേഡിയമാണ് ട്രാൻസ്റ്റേഡിയയിൽ ഉള്ളത്.

മിനേർവ പഞ്ചാബിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് കളിക്കാനുണ്ട്. അതിൽ പരാജയപ്പെട്ടാൽ മാത്രമെ മിനേർവ എ എഫ് സി കപ്പിൽ എത്തുകയുള്ളൂ. അല്ലായെങ്കിൽ ചാമ്പ്യൻസ് ലീഗിലാകും മിനേർവ ട്രാൻസ്റ്റേഡിയയിൽ കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version