20231002 220958

എഎഫ്സി കപ്പ്; ഇഞ്ചുറി ടൈം വിന്നറുമായി കമ്മിൻസ്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് മോഹൻ ബഗാൻ

സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സഹലിന്റെ അസിസ്റ്റിൽ നിന്നും ജെസൻ കമ്മിങ്‌സ് വല കുലുക്കിയപ്പോൾ, എഎഫ്സി കപ്പിൽ തുടർ ജയവുമായി മോഹൻ ബഗാന്റെ കുതിപ്പ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ മാസിയക്കെതിരെ ജയം കുറിച്ചത്. ടീമിന്റെ രണ്ടു ഗോളുകളും കമ്മിങ്‌സ് സ്വന്തം പേരിൽ കുറിച്ചു. നേരത്തെ പെനാൽറ്റി നഷ്ടപ്പെടുത്തി മത്സരം പൂർണമായും വരുതിയിൽ ആക്കാനുള്ള അവസരം നഷ്ടമാക്കിയതിന് അവസാന നിമിഷം പ്രായകശ്ചിത്തം ചെയ്യാൻ സാധിച്ചത് കമ്മിൻസിനും ആശ്വാസമായി. ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.

തുടക്കത്തിൽ ഇരു ടീമുകൾക്കും കാര്യമായ അവസരം ലഭിക്കാതെയാണ് മത്സരം മുന്നേറിയത്. 28ആം മിനിറ്റിൽ ഹ്യൂഗോ ബോമസിന്റെ തകർപ്പൻ ഒരു പാസിൽ കമ്മിങ്‌സ് ഷോട്ട് ഉതിർത്തത് പോസ്റ്റിൽ തട്ടി വലയിലേക്ക് തന്നെ കയറിയപ്പോൾ ബഗാൻ മത്സരത്തിൽ ലീഡ് എടുത്തു. പെട്രാടോസിന്റെ കോർണറിൽ നിന്നും ഹാമിലിന്റെ ശ്രമം പുറത്തേക്ക് പോയി. 40ആം മിനിറ്റിൽ സാദിഖുവിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ ലീഡ് ഉയത്താനുള്ള അവസരം ബഗാൻ കളഞ്ഞു കുളിക്കുന്നതാണ് കണ്ടത്. കിക്ക് എടുത്ത കമ്മിങ്‌സ് പാസ് എന്നവണ്ണം പന്ത് നീക്കി ഇട്ടപ്പോൾ, ബോക്സിലേക്ക് ഓടിയെത്തിയ പെട്രാടോസിന് പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. 44ആം മിനിറ്റിൽ വാദ ഗോൾ കണ്ടെത്തുക കൂടി ചെയ്തതോടെ മാസിയ ആദ്യ പകുതിയിൽ തന്നെ സ്‌കോർ നില തുല്യമാക്കി.

രണ്ടാം പകുതിയിൽ ബഗാന് പല അവസരങ്ങളും ലഭിച്ചു. ലിസ്റ്റന്റെ ശ്രമം കീപ്പർ തടഞ്ഞു. സാദിഖുവിന്റെ ബോക്സിന് പുറത്തു നിന്നുള്ള ശ്രമത്തിലും കീപ്പർ വിലങ്ങു തടിയായി. സഹലിന്റെ ക്രോസിൽ നിന്നും ഹാമിലിന്റെ ഹെഡർ ബാറിന് മുകളിലൂടെ കടന്ന് പോയി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗോൾ എത്തി. ത്രോയിലൂടെ എത്തിയ ബോൾ ഇടത് ഭാഗത്ത് നിന്നും സഹൽ ബോക്സിനുള്ളിലേക്ക് കമ്മിങ്‌സിന് കണക്കാക്കി നൽകിയപ്പോൾ താരം നിമിഷനോടിയിൽ ഷോട്ട് ഉതിർത്തു. തടയാൻ എത്തിയ കീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് ഗോൾ വര കടന്നപ്പോൾ മോഹൻ ബഗാൻ അർഹിച്ച ജയം അവസാന നിമിഷം എങ്കിലും സ്വന്തമാക്കാൻ സാധിച്ചു.

Exit mobile version