അമേരിക്കയിൽ സോഫി സ്റ്റേഡിയത്തിൽ വെച്ചു നടന്ന പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു ആഴ്‌സണൽ. ഇരു ടീമുകളും യുവതാരങ്ങൾക്ക് നന്നായി അവസരം നൽകിയ മത്സരത്തിൽ 2-1 നു ആണ് 90 മിനിറ്റിനു ശേഷം ആഴ്‌സണൽ ജയിച്ചത്. യുണൈറ്റഡ് മികച്ച രീതിയിൽ തുടങ്ങിയ മത്സരത്തിൽ പത്താം മിനിറ്റിൽ മാർക്കോസ് റാഷ്ഫോർഡ് നൽകിയ പാസിൽ നിന്നു റാസ്മസ് ഹോയിലുണ്ടിലൂടെ അവർ ആണ് ആദ്യം മുന്നിൽ എത്തിയത്. മികച്ച ഗോൾ ആയിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം താരം പരിക്കേറ്റു പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി.

എന്നാൽ 26 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ തിരിച്ചെത്തി. മികച്ച നീക്കത്തിന് ശേഷം ഏഥൻ ന്വനെരി നൽകിയ മികച്ച പന്തിൽ നിന്നു ഗബ്രിയേൽ ജീസുസ് ആണ് ആഴ്‌സണൽ സമനില ഗോൾ നേടിയത്. ഇതിനു ശേഷം ആദ്യ മത്സരത്തിനു ഇറങ്ങിയ പ്രതിരോധതാരം ലെനി യോറോയും പരിക്കേറ്റു പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ ആണ് ഇരു ടീമുകളും വരുത്തിയത്. 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ്-സ്‌കെല്ലിയുടെ പാസിൽ നിന്ന് അതുഗ്രൻ ഗോൾ കണ്ടെത്തിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. അതേസമയം മുമ്പ് തീരുമാനിച്ചത് പോലെ മത്സരത്തിനു ശേഷം നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ യുണൈറ്റഡ് ആണ് 4-3 നു ജയം കണ്ടത്.