സൗഹൃദ മത്സരത്തിൽ ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ

Wasim Akram

പ്രീമിയർ ലീഗ് പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ എമിറേറ്റ്‌സ് കപ്പിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ. എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ രണ്ടു ഗോളുകളും കോർണറിൽ നിന്നാണ് നേടിയത്. മത്സരത്തിൽ ആഴ്‌സണൽ ആധിപത്യം ആണ് 90 മിനിറ്റും കാണാൻ ആയത്.

ആഴ്‌സണൽ
സലിബ

ഒമ്പതാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു വില്യം സലിബ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 27 മത്തെ മിനിറ്റിൽ റൈസിന്റെ തന്നെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരമായ ഗബ്രിയേൽ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ഇടക്ക് സാകയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് അടക്കം നിരവധി അവസരങ്ങൾ ആണ് ആഴ്‌സണൽ സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ റിക്കാർഡോ കാലിഫിയോരി തന്റെ ആഴ്‌സണൽ അരങ്ങേറ്റവും നടത്തി. പ്രീമിയർ ലീഗിൽ അടുത്ത ശനിയാഴ്ച വോൾവ്സ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ.