ബാല്യകാല സുഹൃത്തുക്കൾ ആയ മിഖേൽ ആർട്ടെറ്റയുടെ ആഴ്‌സണലും സാബി അലോൺസോയുടെ ബയേർ ലെവർകുസനും തമ്മിലുള്ള എമിറേറ്റ്‌സ് കപ്പ് സൗഹൃദ മത്സരത്തിൽ ജയം കണ്ടു ആഴ്‌സണൽ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സ്വന്തം മൈതാനത്ത് ആഴ്‌സണൽ ജയം കണ്ടത്. നിരവധി യുവതാരങ്ങൾക്ക് ഇരു ടീമുകളും അവസരം നൽകിയ മത്സരത്തിൽ ആഴ്‌സണലിന് മുന്നിൽ ലെവർകുസൻ പൂർണമായും അടിയറവ് പറയുന്നത് ആണ് കണ്ടത്.
മുൻ ആഴ്‌സണൽ താരം ഗ്രാനിറ്റ് ശാക്ക ആഴ്‌സണലിന് എതിരെയും മുൻ ലെവർകുസൻ താരം കായ് ഹാവർട്സ് ജർമ്മൻ ക്ലബിന് എതിരെയും ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. മത്സരത്തിൽ എട്ടാം മിനിറ്റിൽ ഹാവർട്സിന്റെ പാസിൽ നിന്നു ട്രൊസാർഡ് ഫേക്ക് ചെയ്തു ഒഴിഞ്ഞപ്പോൾ ഉഗ്രൻ അടിയോടെ സിഞ്ചെങ്കോ ആഴ്‌സണലിനു ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് തൊട്ടടുത്ത നിമിഷം ലെവർകുസനിൽ നിന്നു പന്ത് തട്ടിയെടുത്ത ആഴ്‌സണൽ മികച്ച നീക്കത്തിന് ഒടുവിൽ ഹാവർട്സിന്റെ ഉഗ്രൻ പാസിൽ നിന്നു ട്രൊസാർഡിലൂടെ രണ്ടാം ഗോളും നേടി.
38 മത്തെ മിനിറ്റിൽ ലോങ് റേഞ്ച് അടിയിലൂടെ മൂന്നാം ഗോൾ ഗബ്രിയേൽ ജീസുസ് ആണ് നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ സാക ഉണ്ടാക്കിയ അവസരത്തിൽ നിന്നു 65 മത്തെ മിനിറ്റിൽ ഹാവർട്‌സ് ആണ് ആഴ്‌സണൽ ഗോൾ വേട്ട പൂർത്തിയാക്കിയത്. 76 മത്തെ മിനിറ്റിൽ നേഥൻ ടെല്ലയുടെ പാസിൽ നിന്നു ആദം ആണ് ജർമ്മൻ ക്ലബിന്റെ ആശ്വാസ ഗോൾ നേടിയത്. സീസൺ തുടങ്ങാൻ 10 ദിവസം മാത്രം അവശേഷിക്കുന്ന സമയത്ത് മികച്ച ഫോമിലേക്കും ശാരീരിക ക്ഷമതയിലേക്കും ടീമിനെ എത്തിക്കാൻ ആണ് ആർട്ടെറ്റ ശ്രമം.