ലോകകപ്പ് യോഗ്യത റൗണ്ടിൽ നാളെ പുലർച്ചെ അർജന്റീനയും ബ്രസീലും നേർക്കുനേർ വരികയാണ്. രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടത്തിന് ബ്രസീലിലെ മരക്കാന സ്റ്റേഡിയം ആകും വേദിയാവുക. ഇന്ത്യൻ സമയം പുലർച്ചെ 6 മണിക്ക് ആകും മത്സരം നടക്കുക. രണ്ട് ടീമുകളും അവസാന മത്സരത്തിൽ പരാജയപ്പെട്ടാണ് വരുന്നത്. അർജന്റീന അവസാന മത്സരത്തിൽ ഉറുഗ്വേയോട് തോറ്റിരുന്നു. ബ്രസീൽ ആകട്ടെ കൊളംബിയയോടും പരാജയപ്പെട്ടു.
ബ്രസീൽ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചിട്ടില്ല. അവർ ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. അർജന്റീന പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ബ്രസീലിനെ പരിക്കും കാര്യമായി അലട്ടുന്നുണ്ട്. നെയ്മറും വിനീഷ്യസ് ജൂനിയറും ബ്രസീലിന് ഒപ്പം ഉണ്ടാകില്ല. അർജന്റീന നിരയിൽ പരിക്കിന്റെ ആശങ്ക ഉണ്ടെങ്കിലും ഡി മരിയയും ലൗട്ടാരോയും ഇന്ന് അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലോകകപ്പിന് ശേഷം അർജന്റീന മികച്ച ഫോമിൽ ആയിരുന്നു. ഉറുഗ്വേക്ക് എതിരെ മാത്രമാണ് അർജന്റീന ഗോൾ വഴങ്ങുകയോ പരാജയപ്പെടുകയോ ചെയ്തത്. ബ്രസീൽ എന്നാൽ അത്ര നല്ല ഫോമിൽ അല്ല. ഒരു സ്ഥിരം പരിശീലകനെ ഇനിയും നിയമിക്കാത്തത് തന്നെ ബ്രസീലിന് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. അറ്റാക്കിലും ഡിഫൻസിലും എല്ലാം പതിവ് താളം കണ്ടെത്താൻ ആകാതെ ഇരിക്കുകയാണ് ബ്രസീൽ.