മെസ്സിയില്ലാ അർജന്റീനയ്ക്ക് വീണ്ടും ജയം

മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന മെക്സിക്കോയെ തോൽപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. യുവനിരയുമായി ഇറങ്ങിയ അർജന്റീന നല്ല ഫുട്ബോൾ ആണ് ഇന്ന് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ റാമിരോ ഫ്യൂണസ് മൂറിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്‌. ഡിബാലയുടെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളാണ് അർജന്റീനയുടെ ജയം ഉറപ്പിച്ചത്. അർജന്റീനയുടെ താൽക്കാലിക പരിശീലകൻ സ്കലോനിയുടെ കീഴിയിലെ അർജന്റീനയുടെ മൂന്നാം ജയമാണിത്. അഞ്ചു തവണ ആണ് സ്കലോനിയുടെ കീഴിയിൽ അർജന്റീന ഇതുവരെ ഇറങ്ങിയത്. ഇതിൽ നാലു തവണയും ക്ലീൻ ഷീറ്റ് നേടാനും അർജന്റീനയ്ക്കായി. ജുവാൻ ഫൊയ്ത്, വെലെസ് എന്നിവർ ഇന്ന് അർജന്റീനയ്ക്കായി അരങ്ങേറ്റം നടത്തി.

ചൊവ്വാഴ്ച വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടും.