ബാഴ്സലോണയുടെ യുവതാരം അൻസു ഫറ്റി സ്പാനിഷ് അണ്ടർ 21 ടീമിൽ ഇടം പിടിച്ചു. ബാഴ്സലോണയുടെ തന്നെ കാർലെസ് പെരെസിന് പരിക്കേറ്റതോടെ പകരക്കാരനായാണ് അൻസു ടീമിൽ എത്തുന്നത്. അൻസുവിന് സ്പെയിനിനായി കളിക്കാനുള്ള അനുമതി ഫിഫ കഴിഞ്ഞ ദിവസം നൽകിയിരുന്നു. വരുന്ന ചൊവ്വാഴ്ച മോണ്ടിനെഗ്രോയ്ക്ക് എതിരായ മത്സരത്തിലാകും ആദ്യമായി ഫറ്റി സ്പെയിനിനായി കളിക്കുക.
നേരത്തെ ഫിഫയിലെ നടപടികൾ പൂർത്തിയാകാത്തതിനാൽ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് ഫറ്റിയെ ടീമിലെടുക്കാൻ സ്പെയിനായിരുന്നില്ല. ഗിനിയ ബിസാവു സ്വദേശിയായ അൻസു ഫറ്റിക്ക് സ്പാനിഷ് പാസ്പോർട്ട് കഴിഞ്ഞ മാസം തന്നെ ലഭിച്ചിരുന്നു. ഈ സീസൺ തുടക്കത്തിൽ തന്നെ സ്പാനിഷ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി അൻസു ഫറ്റി മാറിയിരുന്നു. ബാഴ്സലോണക്കായി അരങ്ങേറുകയും ബാഴ്സക്കായി ലാലിഗയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൻസു ഫറ്റി മാറിയിരുന്നു.