ബാഴ്സലോണയുടെ യുവതാരം അൻസു ഫറ്റിക്ക് ഇനി സ്പെയിനിനായി കളിക്കാം. ഗിനിയ ബിസാവു സ്വദേശിയായ അൻസു ഫറ്റിക്ക് സ്പാനിഷ് പാസ്പോർട്ട് ലഭിച്ചിരിക്കുകയാണ്. താരത്തെ സ്പെയിനിന് കളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് താരത്തിന് സ്പെയിൻ പാസ്പോർട്ട് നൽകിയിരിക്കുന്നത്. അടുത്ത മാസം ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ അൻസു ഫറ്റിയെ ഉൾപ്പെടുത്താൻ ആണ് സ്പെയിൻ ശ്രമിക്കുന്നത്.
ഈ സീസൺ തുടക്കത്തിൽ തന്നെ സ്പാനിഷ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി അൻസു ഫറ്റി മാറിയിരുന്നു. ബാഴ്സലോണക്കായി അരങ്ങേറുകയും ബാഴ്സക്കായി ലാലിഗയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൻസു ഫറ്റി മാറിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിലും അൻസു അരങ്ങേറിയിരുന്നു. അൻസു സ്പെയിനിനായി ലോകകപ്പ് കളിക്കുകയാണെങ്കിൽ രണ്ട് മാസത്തോളം താരത്തെ ബാഴ്സലോണക്ക് നഷ്ടമാകും.