ഡൽഹി- ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിന്റെ മുൻ അസിസ്റ്റന്റ് കോച്ച് അലക്‌സ് ആംബ്രോസിനെതിരെ ഡൽഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബോണ്ട് ലംഘനത്തിനും (സെക്ഷൻ 446) സമൻസ് അയച്ചതിന് ശേഷം (സെക്ഷൻ 16) കോടതിയിൽ ഹാജരാകാത്തതിനും ആണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 70 പ്രകാരമാണ് വെള്ളിയാഴ്ച വാറണ്ട് പുറപ്പെടുവിച്ചത് എന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു.
അണ്ടർ-17 ടീമിന്റെ നോർവേയിലേക്കുള്ള പര്യടനത്തിനിടയിൽ ആയിരുന്നു ആംബ്രോസിന് എതിരെ ലൈംഗികാരോപണം ഉയർന്നത്. തുടർന്ന് ജൂലൈയിൽ ആംബ്രോസിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
വിഷയം ദ്വാരക പോലീസ് സ്‌റ്റേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അംബ്രോസിനെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം പോക്‌സോ കേസെടുത്തതായി സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം കാര്യമായ നടപടികളും ഇല്ലാതിരുന്നതിനാൽ സാമൂഹിക മാധ്യമങ്ങൾ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ വിഷയത്തിൽ എഐഎഫ്എഫിൽ നിന്നും കുറേ കാലങ്ങളായി യാതൊരു അപ്ഡേറ്റും വന്നിട്ടില്ല.