കോഴിക്കോട്: ഇന്ന് നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ ആന്ധ്രപ്രദേശിനെ 4-1 ന് പരാജയപ്പെടുത്തിയ തമിഴ്നാട് ടീമിലെ ഏക കേരളക്കരൻ എം.എം അലി സഫ്വാന്റെ കളി കാണാൻ വന്നവരിൽ തന്റെ പിതാവ് അലവിക്കുട്ടിയും മാതാവ് റുബീനയും വല്യുമ്മയും അടക്കം മുഴുവൻ കുടുബാങ്ങളും ഉണ്ടായിരുന്നു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ സ്വദേശിയാണ് അലി സഫ്വാൻ. തമിഴ്നാടിന്റെ ആദ്യ ഇലവനിൽ തന്നെ ലെഫ്റ്റ് വിങ്ങ് ബാക്ക് പൊസിഷനിൽ മികച്ച കളി കാഴ്ച്ചവച്ച അലി സഫ്വാന്റെ പ്രകടനം കണ്ട് തികച്ചും സാധാരണക്കാരായ യാഥാസ്ഥിക കുടുബാഗങ്ങൾ ഒന്നടങ്കം ആഹ്ലാദത്തിലായി.
മത്സരം ജയിച്ച് കയറിയ അലിയെ സന്തോഷത്താൽ കെട്ടിപ്പുണർന്ന ഉമ്മ റുബീനയുടെ കരച്ചിലിൽ കണ്ട് മറ്റു കുടുബാഗങ്ങളുടെയും നാട്ടിൽ നിന്നെത്തിയ സുഹൃത്തുക്കളുടെയും കണ്ണുകൾ സന്തോഷത്തിന്റെ ഈറനണിയിച്ചു. കൂലിപ്പണിക്കാരനായ അലവിക്കുട്ടിയുടെയും റുബീനയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് അലി സഫ്വാൻ.
കോയമ്പത്തൂർ നെഹ്റുകോളേജ് എം.ബി.എ വിദ്യാർത്ഥിയായ
അലി സഫ്വാൻ ശനിയാഴ്ച്ച നടക്കുന്ന മത്സരംത്തിൽ കേരളത്തേയാണ് നേരിടേണ്ടത് എന്ന ഉത്ഖണ്ഡയിലാണ് എങ്കിലും താൻ കളിക്കുന്ന തമിഴ്നാട് ടീമിന് വേണ്ടി സ്വന്തം സംസ്ഥാന ടീമിനെതിരെ നാട്ടുകാർക്ക് മുമ്പിൽ സമ്മർദ്ദങ്ങളില്ലാതെ പരമാവധി നന്നായി കളിക്കാനാകും എന്ന പ്രതീക്ഷയിലാണ്. ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ രണ്ടാം റൗണ്ടിൽ കടക്കാൻ കേരളത്തിന് തമിഴ്നാടിനോട് ഒരു സമനില മാത്രമാണ് ഇനി ആവശ്യമെങ്കിൽ തമിഴ്നാടിന് കേരളത്തോട് ജയം അനിവാര്യമാണ്.